സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ്‌കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി അഭിപ്രായഭിന്നത

സുധീര്‍   കെ   ചന്ദനത്തോപ്പ്
കൊല്ലം: സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി അഭിപ്രായഭിന്നത. നേരത്തെ കരട് റിപോര്‍ട്ടില്‍ കോണ്‍ഗ്രസ് എന്ന പരാമര്‍ശം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ സമ്മേളനം തുടങ്ങിയതുമുതല്‍ ദേശീയ ജനറല്‍ സെക്രട്ടറി വരെ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു.  ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് പരസ്യ നിലപാട് പ്രഖ്യാപിക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഉയര്‍ന്നത്.
കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രതിനിധികള്‍ ചേരിതിരിഞ്ഞു വാദിച്ചു. രാഷ്ട്രീയ റിപോര്‍ട്ടില്‍ കോ ണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് പരാമര്‍ശിക്കാതിരുന്നതാണ് നല്ലതെന്ന് ആര്‍ ലതാദേവിയും വി എസ് സുനില്‍കുമാറും അഭിപ്രായപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് ബന്ധം മറയില്ലാതെ പ്രഖ്യാപിക്കണമെന്ന് പി പ്രസാദ് അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ചര്‍ച്ചയില്‍ പ്രകടമായ ഭിന്നതയ്‌ക്കൊടുവില്‍ കോണ്‍ഗ്രസ് അനുകൂല പരാമര്‍ശം ഉള്‍പ്പെടുത്തണമെന്ന നിലപാടിലേക്ക് കേരള ഘടകം എത്തിച്ചേര്‍ന്നു. കോണ്‍ഗ്രസ് ബന്ധത്തെ പറ്റി കരട് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തതയില്ലാത്തത് അടവുനയ രൂപീകരണത്തിന് തടസ്സമാണ്.
അതുകൊണ്ട് കോണ്‍ഗ്രസ്സിനോടുള്ള സമീപനം രാഷ്ട്രീയപ്രമേയത്തില്‍ വ്യക്തമാക്കണമെന്ന് പൊതുചര്‍ച്ചയില്‍ സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരേയും രൂക്ഷ വിമര്‍ശനമുയര്‍ന്നു. കേന്ദ്ര സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. പൊതുചര്‍ച്ചയ്ക്ക് മുന്നോടിയായി കാനം രാജേന്ദ്രന്റെ അധ്യക്ഷതയിലായിരുന്നു കേരളത്തിന്റെ ഗ്രൂപ്പ് ചര്‍ച്ച.
ബിജെപിക്കെതിരേ സമരപരിപാടികള്‍ വിജയിപ്പിക്കുന്നതില്‍ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടുവെന്നും അഭിപ്രയമുയര്‍ന്നു. ദേശീയതലത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കേന്ദ്രനേതൃത്വത്തിന് സാധിച്ചിട്ടില്ല.
വ്യാഴാഴ്ച ഡി രാജ അവതരിപ്പിച്ച സംഘടനാ റിപോര്‍ട്ടിനൊപ്പം അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ഭേദഗതി നിര്‍ദേശങ്ങളുടെ കൂട്ടത്തില്‍ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ചെറുപ്പക്കാര്‍ വേണമെന്ന നിര്‍ദേശം ഇടംപിടിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു ഇന്നലത്തെ ചര്‍ച്ച.
വനിതകള്‍, തൊഴിലാളിവര്‍ഗം, പട്ടികജാതി-വര്‍ഗം, പിന്നാക്കക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്കൊപ്പം യുവാക്കള്‍ക്കും അംഗത്വ പാനലില്‍ ഉറപ്പുവരുത്തണമെന്നും സംഘടനാ റിപോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ ഇന്നും ചര്‍ച്ചകള്‍ തുടരും.
Next Story

RELATED STORIES

Share it