Flash News

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

സുധീര്‍   കെ   ചന്ദനത്തോപ്പ്
കൊല്ലം: സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ജനറല്‍ സെക്രട്ടറിയായി സുധാകര്‍ റെഡ്ഡി തുടരാനാണ് സാധ്യത. കേന്ദ്ര നേതൃത്വത്തിനെതിരേ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും സുധാകര്‍ റെഡ്ഡിക്ക് കേരള പ്രതിനിധികളുടെ പിന്തുണയുണ്ട്.
മറ്റ് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമെ സുധാകര്‍ റെഡ്ഡിക്ക് സ്ഥാന ചലനത്തിന് സാധ്യതയുള്ളു. ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലയുള്ള ഗുരുദാസ് ദാസ്ഗുപ്ത ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം സമ്മേളനം അംഗീകരിച്ചതായാണ് അറിയുന്നത്. പുതിയ ഡെപ്യൂട്ടി സെക്രട്ടറി ആരായിരിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
ദേശീയ സെക്രട്ടറിമാരായ ഡി രാജ,  അതുല്‍കുമാര്‍ അഞ്ജാന്‍ എന്നിവരാണ് ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനത്തേക്ക് അന്തിമ പരിഗണനയിലുള്ളത്. ജനറല്‍ സെക്രട്ടറിയായി ആന്ധ്രയിലെ തെലങ്കാനയില്‍ നിന്നുള്ള സുധാകര്‍ റെഡ്ഡി തുടര്‍ന്നാല്‍ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനം ഉത്തരേന്ത്യയില്‍ നിന്നുള്ള നേതാവിനായിരിക്കും ലഭിക്കുക. അങ്ങനെയെങ്കില്‍ ഡെപ്യൂട്ടി സെക്രട്ടറി സ്ഥാനം ഉത്തര്‍പ്രദേശിലെ ലഖ്‌നോ സ്വദേശി അതുല്‍കുമാര്‍ അഞ്ജാന് തന്നെയായിരിക്കും. തെക്കേ ഇന്ത്യയില്‍ നിന്നുള്ള ദേശീയ സെക്രട്ടറിയാണ് ഡി രാജ. കേരളത്തിലെ പ്രതിനിധികളില്‍ ഒരു വിഭാഗത്തിന് അദ്ദേഹം ഡെപ്യൂട്ടി സെക്രട്ടറിയായി വരുന്നതിനോട് വിയോജിപ്പുണ്ട്. കെ ഇ ഇസ്മായില്‍ വിഭാഗത്തോടുള്ള അദ്ദേഹത്തിന്റെ അടുപ്പമാണ് ഈ എതിര്‍പ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേതൃത്വത്തിന് വയസ്സായെന്നും യുവനിരയെ കൊണ്ട് വരണമെന്നും പൊതുചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. കേരളം തുടക്കമിട്ട ചര്‍ച്ചയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂടുതല്‍ രൂക്ഷമായി ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. നേതൃമാറ്റം അനിവാര്യമായതോടെ ഇതിന്‍മേലുള്ള പ്രാഥമിക ചര്‍ച്ചകള്‍ ഇന്നലെ രാത്രി നടന്നു. ഇന്ന് രാവിലെ തുടര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. ദേശീയ കൗണ്‍സിലില്‍ നിന്നും സി എന്‍ ചന്ദ്രന്‍, കെ രാജന്‍, സി എ കുര്യന്‍ എന്നിവര്‍ സ്ഥാനമൊഴിഞ്ഞേക്കും. പകരം കെ പി രാജേന്ദ്രന്‍, പി പ്രസാദ്, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ ദേശീയ കൗണ്‍സിലിലേക്ക് എത്താനാണ് സാധ്യത. ദേശീയ സെക്രട്ടേറിയറ്റില്‍ നിന്നും പന്ന്യന്‍ രവീന്ദ്രനെയോ കെ ഇ ഇസ്മയിലിനെയോ ഒഴിവാക്കിയേക്കും. പകരം ബിനോയ് വിശ്വത്തെയാണ് പരിഗണിക്കുന്നത്. പന്ന്യന്‍ ഒഴിവാകുകയാണെങ്കില്‍ പകരം കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്.
Next Story

RELATED STORIES

Share it