Kollam Local

സിപിഐ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് മരിച്ച പ്രവാസിയുടെ മകന്‍

കൊല്ലം: വാഹന വര്‍ക്ക്‌ഷോപ്പ് നിര്‍മിക്കുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടികുത്തിയതിലും പണംചോദിച്ച് ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത്  ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ സിപിഐ നേതാക്കള്‍ക്ക് പണം നല്‍കിയതായി വെളിപ്പെടുത്തല്‍. സുഗതന്റെ മകന്‍ സുനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 63,000 രൂപക്ക് സ്വര്‍ണം പണയം വെച്ചാണ് സിപിഐ നേതാക്കള്‍ക്ക് അച്ഛന്‍ പണം നല്‍കിയതെന്ന് സുനില്‍ പറഞ്ഞു.
സ്വര്‍ണം പണയം വെച്ചതിന്റെ രസീതുകള്‍ സുനില്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സുഗതന്‍ സിപിഐ നേതാക്കന്‍മാര്‍ക്ക് പണം നല്‍കിയെന്ന് പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
പുനലൂര്‍  ഐക്കരകോണം വാഴമണ്‍ സ്വദേശി സുഗതനെ ഫെബ്രുവരി 23നാണ് വര്‍ക്ക് ഷോപ്പ് ഷെഡിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യത മൂലം സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇരുപത്തിയഞ്ച് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത സുഗതന്‍ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് ഇളമ്പലില്‍ ഒരു വര്‍ക്ക് ഷോപ്പ് നിര്‍മിച്ചിരുന്നു. മറ്റൊരാളുടെ ഭൂമി പാട്ടത്തിന് എടുത്തായിരുന്നു നിര്‍മാണം.
എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായതിന് പിന്നാലെ സ്ഥലം വയല്‍ നികത്തിയതാണെന്ന് ആരോപിച്ച് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി വര്‍ക്ക് ഷോപ്പിന്റെ പ്രവര്‍ത്തനം തടയുകയും ചെയ്തു. ഇതോടെയാണ് സുഗതന്‍ കടക്കെണിയില്‍ കുടുങ്ങിയത്.
സുഗതനോട് ചില നേതാക്കള്‍ക്ക് വ്യക്തി വിരോധം ഉണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ സുഗതനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നുമാണ് മകന്‍ സുനില്‍ നല്‍കിയ മൊഴി.
സുഗതന് നേരെയുണ്ടായ പ്രതിഷേധം വ്യക്തി വിരോധമാണെന്ന ആരോപണം ശക്തമാണ്. 2007 ല്‍ നികത്തിയ ഭൂമി പാട്ടത്തിനെടുത്ത് ഷെഡ് വെച്ചതിന് പ്രവാസിക്കെതിരെ എഐവൈഎഫ് സമരം നടത്തിയത്. സുഗതന്റെ വര്‍ക്ക് ഷോപ്പ് ഷെഡിനോട് ചേര്‍ന്ന് വയല്‍ നികത്തി കൂറ്റന്‍ ആഡിറ്റോറിയം വരെ നിര്‍മിച്ചിട്ടുണ്ട്.
ഇതിനുപുറമേ ആത്മീയ സ്ഥാപനവും ഇവിടെ വയല്‍ നികത്തി നിര്‍മാണം നടത്തിയിട്ടുണ്ട്.
അടുത്തിടെ അറവുശാലയ്ക്ക് വേണ്ടി ഭൂമി നികത്തപ്പെട്ടു. പക്ഷേ ഇത്തരം സംഭവങ്ങളിലൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതിഷേധം ഉയര്‍ത്തിയിട്ടില്ല. പ്രവാസി സുഗതനെതിരെ ഉണ്ടായ പ്രതിഷേധം വ്യക്തി വിരോധമാണെന്ന് തെളിയിക്കുന്നതാണ് ഇവയെല്ലാം.
Next Story

RELATED STORIES

Share it