Flash News

സിപിഐ നേതാക്കളോട് തട്ടിക്കയറി തോമസ് ചാണ്ടി



തിരുവനന്തപുരം: എല്‍ഡിഎഫ് യോഗത്തിനിടെ സിപിഐ നേതാക്കളോട് തട്ടിക്കയറി മന്ത്രി തോമസ് ചാണ്ടി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരോടാണ് ചാണ്ടി കൊമ്പുകോര്‍ത്തത്. രാജിവയ്ക്കാന്‍ തോമസ് ചാണ്ടി തയ്യാറായില്ലെങ്കില്‍ പരസ്യമായി ആവശ്യപ്പെടുമെന്ന സിപിഐ നേതാക്കളുടെ നിലപാടാണ് ചാണ്ടിയെ ചൊടിപ്പിച്ചത്. ഇതുകൂടാതെ ജനജാഗ്രതാ യാത്രയിലെ വിവാദപ്രസംഗത്തിനെതിരേ കാനം വിമര്‍ശനം ഉന്നയിച്ചതും ചാണ്ടിയുടെ അസംതൃപ്തിക്ക് കാരണമായി. രാജിവയ്ക്കണമെന്നതാണ് പൊതുവികാരമെന്ന് പറഞ്ഞ സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനോടും തോമസ് ചാണ്ടി തട്ടിക്കയറി. രാജിവയ്ക്കണമെന്ന് പറയാന്‍ താന്‍ ആരാണെന്നാണ് തോമസ് ചാണ്ടി പന്ന്യന്‍ രവീന്ദ്രനോട് ചോദിച്ചത്. വിവാദം മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഗൂഢാലോചനയാണെന്ന് തോമസ്ചാണ്ടി വിശദീകരിച്ചു. തിടുക്കപ്പെട്ട് ഒരു തീരുമാനത്തിലേക്ക് പോവരുത്. കോടതിവിധി വരെ കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. എങ്കില്‍ സുപ്രിംകോടതിയില്‍ പോവുന്നതുവരെ കാത്തിരിക്കേണ്ടിവരുമോ എന്നായിരുന്നു കാനത്തിന്റെ പരിഹാസം. തുടര്‍ന്നാണ് കാനവും ചാണ്ടിയും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കാനത്തിന് തെറ്റിദ്ധാരണയാണ്. ജനജാഗ്രതായാത്രയില്‍ പങ്കെടുത്ത് വെല്ലുവിളിച്ചത് പ്രതിപക്ഷത്തെയാണെന്നും ചാണ്ടി വിശദീകരിച്ചു. അനവസരത്തിലുള്ളതും അനുചിതവുമായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനമെന്നായി കാനം. ജാഥയില്‍ അഭിപ്രായം പറയേണ്ടത് ക്യാപ്റ്റനും കണ്‍വീനറുമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സിപിഐയേക്കാള്‍ വീറോടെ ജനതാദള്‍-എസാണ് ആദ്യം രാജിക്കാര്യം യോഗത്തില്‍ ഉന്നയിച്ചത്. ജില്ലാ കലക്ടറുടെ റിപോര്‍ട്ടിനെതിരേ കോടതിയെ സമീപിച്ചതിനെ മാത്യൂ ടി തോമസ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. നിയമോപദേശം കൂടി എതിരാണെങ്കില്‍ ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുന്നതു ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കോണ്‍ഗ്രസ്(എസ്) നേതാക്കളും രാജി വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, എല്‍ഡിഎഫ് തന്റെ രാജി ആവശ്യപ്പെട്ടെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ പൊട്ടത്തെറ്റാണെന്ന് പിന്നീട് മാധ്യമങ്ങളോട് തോമസ് ചാണ്ടി പറഞ്ഞു. തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുക മാത്രമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it