സിപിഐ നിര്‍വാഹകസമിതി ഇന്നു തുടങ്ങും; ദിവാകരനെയും മുല്ലക്കരയെയും ഒഴിവാക്കിയത് ചര്‍ച്ചയാവും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ രണ്ടുദിവസം നീണ്ടുനി ല്‍ക്കുന്ന സിപിഐ നിര്‍വാഹക സമിതി യോഗം ഇന്ന് ആരംഭി ക്കും. തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ നേതൃയോഗങ്ങള്‍ ചേര്‍ന്നിരുന്നെങ്കിലും ഫലം വിശദമായി വിലയിരുത്തുന്നതിന് പ്രത്യേകം യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.
യോഗത്തിനു മുന്നോടിയായി ജില്ലാതലത്തിലുള്ള റിപോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ ജില്ലാ കൗ ണ്‍സിലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചുള്ള റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളായിരിക്കും യോഗത്തില്‍ നടക്കുക. കൂടാതെ ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനത്തെക്കുറിച്ചും യോഗത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടക്കും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു വഹിച്ചിരുന്ന സ്ഥാനമാനങ്ങള്‍ സിപിഎമ്മുമായി വച്ചുമാറുന്നതിനെക്കുറിച്ചും പാര്‍ട്ടിക്കുള്ളില്‍ ആലോചനകള്‍ സജീവമാണ്.
മുതിര്‍ന്ന നേതാക്കളായ സി ദിവാകരനും മുല്ലക്കര രത്‌നാകരനും മന്ത്രിസ്ഥാനം നിഷേധിച്ചത് പാര്‍ട്ടിക്കുള്ളില്‍ ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍വാഹകസമിതി യോഗം ചേരുന്നത്. പാര്‍ട്ടിയുടെ മന്ത്രിമാരെ നിശ്ചയിക്കാന്‍ ചേര്‍ന്ന സംസ്ഥാന നി ര്‍വാഹകസമിതി യോഗത്തില്‍തന്നെ സി ദിവാകരനും മുല്ലക്കര രത്‌നാകരനും പാര്‍ട്ടി തീരുമാനത്തില്‍ തങ്ങള്‍ക്കുള്ള അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ പേരുകള്‍ നിര്‍ദേശിച്ച നിര്‍വാഹകസമിതി യോഗത്തിനു തൊട്ടുപിന്നാലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് മുല്ലക്കര തന്റെ പ്രതിഷേധം പരസ്യമാക്കുകയും ചെയ്തു. മന്ത്രിമാരെ നിശ്ചയിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായത് ക്ഷീണമായെന്ന വിലയിരുത്തലിലാണ് സംസ്ഥാന നേതൃത്വം.
സി ദിവാകരന് മന്ത്രിസ്ഥാനം നിഷേധിച്ചതിനെ ചോദ്യംചെയ്ത് സംസ്ഥാന നേതൃത്വത്തിനെതിരേ സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നുചേരുന്ന നിര്‍വാഹകസമിതി യോഗത്തിലും ഭിന്നസ്വരങ്ങളുയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സംസ്ഥാന നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലുണ്ടായത്. സി ദിവാകരനെ ബോധപൂര്‍വം ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വം കരുക്കള്‍ നീക്കിയെന്നായിരുന്നു പ്രധാന വിമര്‍ശനം.
Next Story

RELATED STORIES

Share it