palakkad local

സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ സോഡാക്കുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

പാലക്കാട്: സിപിഐ ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ സോഡാ കുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിക്‌ടോറിയാ കോളജ് നൂറടി റോഡില്‍ പി ബാലചന്ദ്രമേനോന്‍ സ്മാരകത്തിനു നേരേയാണ് ഇന്നലെ രാവിലെ 7.10ഓടെ ആക്രമണമുണ്ടായത്. ഓഫിസ് അസി. സെക്രട്ടറി ഉണ്ണിക്കുട്ടനും ശുചീകരണ തൊഴിലാളി മാധവനും ഓഫിസിനകത്തായിരുന്ന സമയത്താണ് ബൈക്കിലെത്തിയ ഇരുവര്‍ സംഘം സോഡാകുപ്പിയെറിഞ്ഞത്. ആദ്യം എറിഞ്ഞ കുപ്പി ഓഫിസിനു പുറത്തെ ഫില്ലറില്‍ തട്ടിതെറിച്ചു. ശബ്ദംകേട്ട് ഉള്ളിലുള്ളവര്‍ പുറത്തേക്കു വന്നപ്പോള്‍ രണ്ടാമത്തെ കുപ്പിയും എറിഞ്ഞു. ഇതും ചുമരില്‍ തട്ടി തകര്‍ന്നുവീണു. മൂന്നാമതെറിഞ്ഞ സോഡാകുപ്പി ഉന്നംതെറ്റി നിലത്തുവീണ് ചിതറുകയും ചെയ്തുവെന്ന് കാണിച്ച് ഓഫിസ് സെക്രട്ടറി നോര്‍ത്ത് പോലിസിന് മൊഴി നല്‍കി.
നമ്പര്‍ പ്ലേറ്റില്ലാത്ത ഹീറോ ഹോണ്ട ബൈക്കിലെത്തിയ ഇരുവര്‍ സംഘമാണ് സോഡാ കുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫിസുകള്‍ക്കു നേരെ നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ്‌രാജ് ആവശ്യപ്പെട്ടു. പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ നോര്‍ത്ത് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it