സിപിഐ ഇല്ലാതെ ഇടതുപക്ഷം അധികാരത്തിലെത്തിയിട്ടില്ല: പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫിനുള്ളില്‍ സിപിഐക്കെതിരായ പരോക്ഷ വിമര്‍ശനങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐക്ക് പങ്കാളിത്തമില്ലാതെ ഇടതുപക്ഷം കേരളത്തില്‍ ഒരുകാലത്തും അധികാരത്തിലെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സിപിഐ സംസ്ഥാന സമ്മേളന പതാകദിനമായ ഇന്നലെ എംഎന്‍ സ്മാരകത്തിനു മുന്നില്‍ പതാക ഉയര്‍ത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നും ശരിയുടെ പാതയിലൂടെ സഞ്ചരിച്ച് ജനകീയ പ്രശ്‌നപരിഹാരത്തിന് ജനങ്ങളോട് ഒപ്പംനിന്ന പ്രസ്ഥാനമാണ് സിപിഐ. ജാതി, മത പാര്‍ട്ടികള്‍ ഇല്ലാത്ത ഇടതു ജനാധിപത്യ മുന്നണിയില്‍ മായം ചേര്‍ക്കാന്‍ ആര്‍ക്കും ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇന്ന് നേരിടുന്ന വര്‍ഗീയ ഫാഷിസ്റ്റ് വെല്ലുവിളികള്‍ നേരിടാന്‍ വിശാലമായ ഇടതു മതേതര ജനാധിപത്യ പൊതുവേദിക്കു മാത്രമേ കഴിയൂ. അക്കാര്യത്തില്‍ രണ്ട് അഭിപ്രായം ഉണ്ടാവേണ്ടതില്ല. എതിരഭിപ്രായം പറയുന്നവരെ വെടിവച്ചു കൊല്ലുന്ന സംഘപരിവാരങ്ങളുടെ ഭരണമാണ് രാജ്യത്തു നടക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുനിര്‍ത്തി ഭരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരേ വിശാല വേദി വളര്‍ന്നുവരണം. അങ്ങനെ പറയുമ്പോള്‍ അത് കോണ്‍ഗ്രസ്സുമായി സഖ്യംചേരലാണെന്നു പറയുന്നത് വിഡ്ഢിത്തമാണെന്നും പന്ന്യന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it