Idukki local

സിപിഐക്കെതിരേ സിപിഎമ്മും കോണ്‍ഗ്രസ്സും

തോമസ് ജോസഫ്

ചെറുതോണി: സിപിഐ പ്രതിനിധിയായ ഇ എസ് ബിജിമോള്‍ക്കെതിരേ സിപിഎമ്മും കോണ്‍ഗ്രസും ഒരേസമയം യുദ്ധം പ്രഖ്യാപിച്ചു. ഒരുവശത്ത് ഡിവൈഎഫ്‌ഐയെ മുന്നില്‍നിര്‍ത്തി സിപിഎമ്മും മറുവശത്ത് കോണ്‍ഗ്രസും ഒരേസമയം സിപിഐയെ രാഷ്ട്രീയമായി ആക്രമിക്കുക എന്നതാണ് ഇപ്പോള്‍ നടന്നുവരുന്നത്. എംഎല്‍എ തന്റെ സ്വാധീനം ഉപയോഗിച്ച് കെഎല്‍ഡി ബോര്‍ഡില്‍ അനധികൃതമായി നടത്തിയ നിയമനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വാഗമണ്ണില്‍ ഡിവൈഎഫ്‌ഐ ഈ മാസം ആറുമുതല്‍ സമരത്തിലാണ്.
കോലാഹലമേട് വെടിക്കുഴി കെഎല്‍ഡി ബോര്‍ഡ് ഓഫിസിനു മമ്പിലാണ് റിലേ സമരം നടക്കുന്നത്. ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിവൈഎഫ്‌ഐയുടെ ആരോപണങ്ങള്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ നിഷേധിക്കുകയും ജില്ലയില്‍ ടൂറിസം, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ സിപിഎമ്മാണ് അനധികൃത നിയമനങ്ങള്‍ നടത്തുന്നതെന്ന് തിരിച്ചടിക്കുകയും ചെയ്തിരുന്നു.
തകര്‍ന്നുകിടക്കുന്ന ഏലപ്പാറ- കൊച്ചുകരിന്തരുവി- പശുപാറ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ എസ് ബിജിമോള്‍ എംഎല്‍എയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചും ധര്‍ണയും വെറുമൊരു പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ആയി മാത്രം രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നില്ല. മണിയാശാനെതിരേ സിപിഐയുടെ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന പ്രസ്താവനകളുടെയും പ്രമേയങ്ങളുടെയും അലയൊലികള്‍ അവസാനിക്കുന്നതിനുമുമ്പ് കോണ്‍ഗ്രസ് സിപിഐക്കും വകുപ്പിനും എംഎല്‍എയ്ക്കുമെതിരേ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ അനൗണ്‍സ്‌മെന്റ് വാഹനം എംഎല്‍എ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏലപ്പാറയില്‍ എംഎല്‍എ ഇ എസ് ബിജിമോളുടെ കോലം കത്തിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ എംഎല്‍എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നതിന്റെ ഭാഗമായാണ് വാഹനത്തില്‍ അനൗണ്‍സ്‌മെന്റ്  നടത്തിയത്. കഴിഞ്ഞ രാവിലെ 10.15ഓടെ അനൗണ്‍സ്‌മെന്റ് വാഹനം വില്ലേജ് ഓഫീസിന് സമീപം എത്തി. ഇതേസമയം ഇതുവഴിയെത്തിയ ഇ എസ് ബിജിമോള്‍ എംഎല്‍എ വാഹനം തടഞ്ഞു നിര്‍ത്തുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അഫിന്‍, ഉമര്‍ എന്നിവരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം.
പീരുമേട്ടില്‍ ഇത്തവണ ഇ എസ്ബിജിമോള്‍ വിജയിച്ചത് ആയിരത്തില്‍ താഴെ മാത്രം വോട്ട് നേടിയാണ്. ഇത് രണ്ടാം തവണയാണ് ബിജിമോള്‍ പീരുമേട്ടില്‍ വിജയിക്കുന്നത്. അതിനുമുമ്പ് പിരുമേട് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു. സിപിഎമ്മുമായി നല്ല ബന്ധത്തിലല്ലാത്ത സിപിഐയുടെ സ്ഥാനാര്‍ഥിക്ക് അടുത്തതവണ പീരുമേട് സുരക്ഷിത മണ്ഡലമാണെന്നു കരുതാനാവില്ല. ഈ സുവര്‍ണാവസരം മുതലാക്കാനാണ് കോണ്‍ഗ്രസും ബിജിമോള്‍ എംഎല്‍എയ്‌ക്കെതിരേ ശക്തമായ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it