സിപിഐക്കെതിരേ എല്‍ഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: തോമസ്ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രിസഭയോഗം ബഹിഷ്‌കരിച്ച സിപിഐക്കെതിരേ ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മുന്നണി മര്യാദയുടെ പരസ്യമായ ലംഘനമാണ് സിപിഐ നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ബഹിഷ്‌കരണത്തെ ന്യായീകരിക്കാന്‍ സിപിഐ നേതാക്കള്‍ ശ്രമിച്ചെങ്കിലും സിപിഎം നിലപാടിനു മറ്റു ഘടകകക്ഷികളും പിന്തുണ നല്‍കി. കായല്‍ കൈയേറ്റത്തിന്റെ പേരില്‍ ഹൈക്കോടതിയില്‍നിന്ന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടിവന്നിട്ടും തോമസ്ചാണ്ടി മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തതോടെയാണ് സിപിഐ നിലപാട് കടുപ്പിച്ച് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനിന്നത്. സിപിഐയുടെ നടപടിയെ അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ച ചെയ്തത്. സിപിഐ നിലപാടിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നും ശാസനാരൂപത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമ്രന്തിയുടെ വിമര്‍ശനത്തെ മറ്റു ഘടകകക്ഷികളും അംഗീകരിച്ചു. രാജി ഉറപ്പുണ്ടായിട്ടും യോഗം ബഹിഷ്‌കരിച്ചത് ശരിയായില്ലെന്ന് കോടിയേരിയും പറഞ്ഞു. എന്നാല്‍, കോടതിയുടെ വിമര്‍ശനമേറ്റ ഒരു നേതാവ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചതെന്നും കാനം വിശദീകരിച്ചു. എന്നാല്‍, തോമസ്ചാണ്ടി രാജിവയ്ക്കുമെന്ന കാര്യം സിപിഐയെ അറിയിച്ചിരുന്നുവെന്ന് കോടിയേരി മറുപടി നല്‍കി.
Next Story

RELATED STORIES

Share it