സിപിഎമ്മുമായി സഹകരണം; കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തില്‍ ധാരണ

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തില്‍ ധാരണ. ഡല്‍ഹിയിലെത്തിയ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ഇതുസംബന്ധിച്ചു കൂടിക്കാഴ്ച നടത്തി. കഴിഞ്ഞതവണ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നായിരുന്നു കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നത്. പിന്നീട് ഇരു പാര്‍ട്ടികളും തമ്മില്‍ അകന്നു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊള്ളുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ചയ്ക്കു ശേഷം പറഞ്ഞു.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി പരസ്യ സഖ്യത്തിന് പകരം സഹകരണം രൂപപ്പെടുത്താനാണ് കഴിഞ്ഞദിവസം അവസാനിച്ച സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പശ്ചിമബംഗാള്‍ പിസിസി അധ്യക്ഷന്‍ അദിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളാണ് ഡല്‍ഹിയിലെത്തിയത്. ബംഗാളിലെ നീക്കുപോക്ക് സംബന്ധിച്ച് അടുത്ത ആഴ്ച കോണ്‍ഗ്രസ് നേതൃത്വം തീരുമാനമെടുക്കുമെന്ന് ബംഗാളിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ഷക്കീല്‍ അഹ്മദ് അറിയിച്ചു.
ഹൈക്കമാന്‍ഡ് തീരുമാനത്തിനു ശേഷം ഇടതുപക്ഷവുമായി ചര്‍ച്ച നടത്തുമെന്ന് അദിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.
സിപിഎം തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് ബംഗാള്‍ ഘടകം നേതാക്കളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുന്നതോടൊപ്പം ബിജെപിയെ പ്രതിരോധിക്കുകകൂടിയാണ് പ്രധാന ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഇടതുപക്ഷവും സമാന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്ന സാഹചര്യത്തില്‍ അവരുമായി ചേരുന്നത് ഗുണംചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.
294 അംഗ നിയമസഭയില്‍ ഇടതുപക്ഷത്തിനുള്ളത് നിലവില്‍ 49 സീറ്റ് മാത്രമാണ്. ഒരു സീറ്റ് മാത്രമുള്ള ബിജെപി ബംഗാളില്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍ തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. കേരളത്തിലേതിനു സമാനമായി ഹിന്ദുത്വ പരീക്ഷണത്തിനു തന്നെയാണ് ബിജെപി ബംഗാളിലും ഒരുങ്ങുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൃണമൂലിനൊപ്പം ചേര്‍ന്ന് മല്‍സരിച്ച കോണ്‍ഗ്രസ് 42 സീറ്റുകളാണ് ബംഗാളില്‍ നേടിയിരുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഈ സീറ്റ് നിലനിര്‍ത്തുന്നതോടൊപ്പം അധിക സീറ്റ് നേടുകയുമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it