സിപിഎമ്മില്‍ നിന്ന് ഇത്തരത്തിലൊരു നിലപാട് പ്രതീക്ഷിച്ചിരുന്നില്ല

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സേവ് ഒവര്‍ സിസ്‌റ്റേഴ്‌സ് സമരസമിതി നടത്തുന്ന സമരത്തിനെതിരേ വിമര്‍ശനം ഉന്നയിച്ച സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍.
തങ്ങള്‍ സമരം ചെയ്യുന്നത് സഭയ്‌ക്കോ പാര്‍ട്ടിക്കോ എതിരല്ലെന്നും നീതിക്കു വേണ്ടിയാണെന്നും സിസ്റ്റര്‍ അനുപമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സിപിഎമ്മില്‍ നിന്ന് ഇത്തരത്തിലൊരു നിലപാട് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ തങ്ങള്‍ക്ക് ഒരുപാട് ദുഃഖമുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് ഇത്തരത്തില്‍ ഇവര്‍ പറയുന്നതെന്നാണ് തങ്ങള്‍ക്ക് തോന്നുന്നത്. ഇത്തരത്തില്‍ ഓരോ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കൂടുതല്‍ കൂടുതല്‍ വിഷമത്തിലേക്കാണ് തങ്ങള്‍ പോവുന്നത്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെ മനസ്സിലാക്കുന്നില്ല.
സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ വരെ തങ്ങളുടെ സമരത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. അത്തരം സാഹചര്യത്തില്‍ സിപിഎമ്മിന്റെ സമുന്നതനായ ഒരു നേതാവില്‍ നിന്ന് ഇത്തരത്തിലുള്ള പ്രതികരണം തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.
കുറവിലങ്ങാട് മഠത്തില്‍ നിന്നു തങ്ങള്‍ പോരുന്നതു വരെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ പോലിസ് വന്നിരുന്നില്ല.അത്തരത്തില്‍ പോലിസില്‍ നിന്നു യാതൊരു നിര്‍ദേശവും ലഭിച്ചിരുന്നില്ലെന്നും തങ്ങള്‍ പോന്നതിനു ശേഷം എന്താണുണ്ടായതെന്ന് അറിയില്ലെന്നും ചോദ്യത്തിനു മറുപടിയായി സിസ്റ്റര്‍ അനുപമ പറഞ്ഞു. ബിഷപ് ഫ്രാങ്കോമുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിനാല്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടായിരുന്നില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

Next Story

RELATED STORIES

Share it