Pathanamthitta local

സിപിഎമ്മിന് 33 അംഗ ജില്ലാകമ്മിറ്റി; യുവാക്കള്‍ക്ക് പ്രാതിനിധ്യം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പുതുതായി എട്ടുപേരെ ഉള്‍പ്പെടുത്തിയപ്പോള്‍ നിലവിലുണ്ടായിരുന്ന കമ്മിറ്റിയിലെ ഏഴുപേര്‍ വിവിധ കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടു. ജില്ലാ സെക്രട്ടറിയായി കെ പി ഉദയഭാനുവിനെ വീണ്ടും തെരഞ്ഞെടുത്തതിനൊപ്പം 33 അംഗ ജില്ലാ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. നേരത്തെ 32 അംഗ കമ്മിറ്റിയാണ് നിലവിലുണ്ടായിരുന്നത്. സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയില്‍ മുന്‍ ജില്ലാ സെക്രട്ടറിയും ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാനുമായിരുന്ന കെ അനന്തഗോപനെയും മുന്‍ എംഎല്‍എയും ജില്ലയിലെ മുതിര്‍ന്ന നേതാവുമായ ആര്‍ ഉണ്ണികൃഷ്ണപിള്ളയും ഒഴിവാക്കിയവരില്‍ പ്രമുഖര്‍.
പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് അനന്തഗോപന്‍, ആര്‍ ഉണ്ണിക്കൃഷ്ണപിള്ള എന്നീ സംസ്ഥാന കമ്മിറ്റിയംഗങ്ങളെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നു പറയുന്നു.
ഉണ്ണിക്കൃഷ്ണപിള്ളയെ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി വി കെ പുരുഷോത്തമന്‍പിള്ളയും ഇത്തവണ ഒഴിവാക്കപ്പെട്ടു. പത്തനംതിട്ടയിലെ പ്രമുഖ നേതാവായ പുരുഷോത്തമന്‍പിള്ളയെ ഒഴിവാക്കിയപ്പോള്‍ പത്തനംതിട്ടയില്‍ നിന്നു പുതുമുഖ പ്രാതിനിധ്യം വര്‍ധിപ്പിച്ചു.
കോന്നിയില്‍ നിന്നുള്ള ശ്യാംലാല്‍, അടൂരില്‍ നിന്ന് റോയി ഫിലിപ്പ് എന്നിവര്‍ ജില്ലാ സഹകരണ ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരിലാണ് ഒഴിവാക്കപ്പെട്ടത്. എന്നാല്‍ ശ്യാംലാലിനെതിരെ സംഘടനാപരമായ ചില പരാതികളുയര്‍ന്നിരുന്നതായി പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശ്യാംലാലിന്റെ ഭാഗത്തുനിന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിക്കുവേണ്ടി ആവശ്യമായ പിന്തുണ ഉണ്ടായില്ലെന്ന പരാതി ജില്ലാ കമ്മിറ്റിയില്‍ തന്നെയുണ്ടായിരുന്നു.
കോഴഞ്ചേരിയില്‍നിന്ന് കെ എം ഗോപിയും മല്ലപ്പള്ളിയില്‍ നിന്ന്  മോഹനന്‍ നായരും സ്വയം ഒഴിവായതാണെന്ന് പറയുന്നു. മഹിളാ അസോസിയേഷന്‍ നേതാവ് രാധാ രാമചന്ദ്രനും ഒഴിവായി. പുതുതായി ജില്ലാ കമ്മിറ്റിയില്‍ എത്തിയവരില്‍ പലരും ഏരിയാ സെക്രട്ടറിമാരാണ്.
ആര്‍ അജയകുമാര്‍ (കോഴഞ്ചേരി), എ എന്‍ സലിം (കൊടുമണ്‍), ഫ്രാന്‍സിസ് വി ആന്റണി (തിരുവല്ല) ഏരിയാ സെക്രട്ടറിമാര്‍ പുതുതായി ജില്ലാകമ്മിറ്റിയില്‍ എത്തുകയാണ്. കൂടാതെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന യുവജന കമ്മീഷന്‍ അംഗവുമായ കെ യു ജനീഷ് കുമാര്‍, എം വി സഞ്ജു, പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസയ്ന്‍ എന്നിവരും ജില്ലാ കമ്മിറ്റിയംഗങ്ങളായി. മഹിള അസോസിയേഷനില്‍ നിര്‍മലാദേവിയെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണനും കമ്മിറ്റിയിലെത്തി. പുതിയ കമ്മിറ്റിയിലും പ്രാതിനിധ്യസ്വഭാവം പൂര്‍ണമായിട്ടില്ലെന്ന ആക്ഷേപമുണ്ട്. മല്ലപ്പള്ളി ഏരിയായില്‍ നിന്ന് ആരുംതന്നെ കമ്മിറ്റിയില്‍ ഇല്ല. കഴിഞ്ഞതവണ ഫിലിപ്പ് കോശി ഒഴിവായപ്പോള്‍ ഇത്തവണ മോഹനന്‍നായരും ഒഴിവായി.
വിഭാഗീയതയുടെ പേരില്‍ ഏറെ ആക്ഷേപങ്ങള്‍ കേട്ട മല്ലപ്പള്ളി മേഖലയില്‍ നിന്ന് ജില്ലാ കമ്മിറ്റി പ്രാതിനിധ്യം നഷ്ടമായതും ചര്‍ച്ചയാകും.
Next Story

RELATED STORIES

Share it