സിപിഎമ്മിന് വോട്ട് ചെയ്യാമെന്ന ബിജെപി നിലപാട് ഭരണ പ്രതിസന്ധി സൃഷ്ടിക്കും

കാസര്‍കോട്: ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാനുള്ള ബിജെപി തീരുമാനം ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണെന്ന് ആക്ഷേപം ശക്തം. 17 അംഗ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് എട്ട്, എല്‍ഡിഎഫ് ഏഴ്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
യുഡിഎഫില്‍ ലീഗിലെ എ ജി സി ബഷീറും എല്‍ഡിഎഫില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. വി പി പി മുസ്തഫയുമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍.  ലീഗ് അധികാരത്തില്‍ വരുന്നത് തടയാന്‍ ബിജെപിയുടെ രണ്ട് അംഗങ്ങള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അതേസമയം, ബിജെപി പിന്തുണയോടെ ഒരുസ്ഥാനവും നേടേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. ബിജെപി പിന്തുണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുകയാണെങ്കില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനാണ് പാര്‍ട്ടി തീരുമാനം. വീണ്ടും വോട്ടെടുപ്പ് നടന്നാല്‍ മല്‍സര രംഗത്തേക്ക് വരേണ്ടതില്ലെന്നും സിപിഎം തീരുമാനിച്ചതായി വിവരമുണ്ട്. അങ്ങനെവരുമ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ യുഡിഎഫ് അധികാരത്തിലേറും. ആദ്യത്തെ രണ്ടര വര്‍ഷം ലീഗും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്സും പ്രസിഡന്റ് സ്ഥാനം വീതംവയ്ക്കാന്‍ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്. ആദ്യത്തെ രണ്ടര വര്‍ഷം ലീഗിലെ എ ജി സി ബഷീറും പിന്നീടുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ്സിലെ പാദൂര്‍ കുഞ്ഞാമുഹാജിയും പ്രസിഡന്റാവും.
അതേസമയം, ഭരണ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ബിജെപി നീക്കം ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയ കക്ഷികളെ ഭരിക്കാന്‍ അനുവദിക്കാതെ ജില്ലാ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലാക്കാനുള്ള ബിജെപി നീക്കം പരക്കെ ചര്‍ച്ചയായിട്ടുണ്ട്. സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.
Next Story

RELATED STORIES

Share it