palakkad local

സിപിഎമ്മിന് വോട്ട് ചെയ്തത് ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍: യുഡിഎഫ്

പാലക്കാട്: നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാര്‍ സിപിഎമ്മിന് വോട്ട് ചെയ്തത് ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ തന്നെയാണെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍.
രണ്ടര വര്‍ഷക്കാലംകൊണ്ട് അഴിമതിയില്‍ മുങ്ങിയ ബിജെപിയുടെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണത്തിനെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊടുക്കുമ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇക്കാര്യം. കോണ്‍ഗ്രസോ യുഡിഎഫോ സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. അവിശ്വാസ പ്രമേയങ്ങളെ അനുകൂലിച്ച സിപിഎം പിന്നീട് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ നിലപാട് മാറ്റി. മരാമത്ത് കാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ ബിജെപിക്കും യുഡിഎഫിനും മൂന്ന് വീതം അംഗങ്ങളാണുള്ളത്.
സിപിഎമ്മിന് രണ്ടും. തിരഞ്ഞെടുപ്പു നടന്നാല്‍ തുല്യം വന്ന് നറുക്കെടുപ്പിലൂടെ ഒരുപക്ഷേ യുഡിഎഫ് ജയിക്കും. പക്ഷേ ഒരു ഭാഗ്യ പരീക്ഷണത്തിനുപോലും നില്‍ക്കാതെ ബിജെപി ജയിക്കാതിരിക്കാന്‍ യുഡിഎഫിന്റെ മൂന്ന് കൗണ്‍സിലര്‍മാരും സിപിഎമ്മിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചു. ബിജെപിക്ക് അനുകൂല നിലപാട് എടുത്ത സിപിഎം പ്രഖ്യാപിത നയങ്ങളില്‍ നിന്നും പിന്‍വലിയുന്നത് നിര്‍ഭാഗ്യകരമാണ്. നഗരസഭയിലെ അഴിമതി ഭരണത്തിനെതിരെ യുഡിഎഫ് ഏതറ്റം വരേയും പോകും. ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം ജനജീവിതം തന്നെ ദുസ്സഹമാക്കിയിരിക്കുകയാണ്.
നിപ വൈറസ് എന്ന മാരക രോഗ ഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യം നീക്കം ചെയ്യാന്‍ ഒരു ജഡ്ജി പാലക്കാട്ടെ നിരത്തിലിറങ്ങേണ്ടി വന്നു. ഇത് സംസ്ഥാന ചരിത്രത്തിലാദ്യമാണ്. ഭരണം പൂര്‍ണ പരാജയമാണെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല.
Next Story

RELATED STORIES

Share it