സിപിഎമ്മിന് തലവേദനയായി മലബാര്‍ സിമന്റ്‌സ് അഴിമതി; പി ഉണ്ണിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ വ്യാപക പ്രതിഷേധം

കെ സനൂപ്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ പങ്കാളിയായ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പി ഉണ്ണിയെ ഒറ്റപ്പാലത്ത് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം. മലബാര്‍ സിമന്റ്‌സില്‍ മലിനീകരണ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ അഴിമതി നടന്നെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്നത്തെ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്ന പി ഉണ്ണിയെ 2015ല്‍ വിജിലന്‍സ് പ്രതി ചേര്‍ക്കുകയായിരുന്നു.
മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റേയും കുട്ടികളുടേയും മരണത്തിന് കാരണക്കാരനായ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉണ്ണിയെ മല്‍സരിപ്പിക്കുന്നതിനെതിരേ സിപിഎം ജില്ലാ കമ്മിറ്റിയും പ്രാദേശിക ഘടകങ്ങളും അസ്വാരസ്യം പ്രകടിപ്പിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച കടമ്പഴിപ്പുറം മേഖലയില്‍ പി ഉണ്ണിക്കും സിഐടിയു ജില്ലാ സെക്രട്ടറിക്കുമെതിരേ സേവ് സിപിഎം എന്ന പേരില്‍ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ജില്ലാ കമ്മിറ്റിയംഗം പി കെ സുധാകരന്‍, സിറ്റിങ് എംഎല്‍എ എം ഹംസ എന്നിവരില്‍ ആരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്നാണ് ഒറ്റപ്പാലം ഏരിയാ കമ്മിറ്റിയുടെ ആവശ്യം. എന്നാല്‍, സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശശിയുടെ പേര് ആദ്യം നിര്‍ദേശിച്ച ജില്ലാ നേതൃത്വം പിന്നീട് സംസ്ഥാന കമ്മിറ്റിയംഗം പി ഉണ്ണിയുടെ പേര് മുേന്നാട്ട് വയ്ക്കുകയായിരുന്നു. നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പാലക്കാട്ട് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നിന്ന് പി കെ സുധാകരന്‍ ഇറങ്ങിപ്പോയിരുന്നു.
പി ഉണ്ണിയെ സ്ഥാനാര്‍ഥിയാക്കാന്‍ പിണറായി വിജയനാണ് മുന്‍കൈ എടുത്തത്. പി ഉണ്ണിക്കും പി കെ ശശിക്കുമെതിരായി ഒറ്റപ്പാലം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പി കെ ശശിയുടെ മകന് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ചെലവില്‍ മലബാര്‍ സിമന്റ്‌സില്‍ ജോലി വാങ്ങിക്കൊടുത്തതിന്റെ പ്രത്യുപകാരമോ പി ഉണ്ണിയുടെ സ്ഥാനാര്‍ഥിത്വം, മലബാര്‍ സിമന്റ്‌സിലെ അഴിമതിയുടെ ഉസ്താദും ചാക്ക് രാധാകൃഷ്ണന്റെ കൂട്ടാളിയുമായ പി കെ ശശി നടന്ന വഴിയില്‍ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല എന്നിങ്ങനെ പോകുന്നു പോസ്റ്ററുകള്‍.
മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് അട്ടിമറിക്കാനും വിവാദ വ്യവസായായിയെ രക്ഷിക്കാനും ഇടനിലക്കാരായി അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി ഉണ്ണിയും സിഐടിയു നേതാവ് പി കെ ശശിയും പ്രവര്‍ത്തിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടന്ന ജില്ലാ സമ്മേളനത്തില്‍ വിഷയം ചര്‍ച്ചയാവുകയും ഉണ്ണിക്കും ശശിക്കുമെതിരേ ശക്തമായ വിമര്‍ശനം ഉയരുകയും ചെയ്തു. ഇതിനു പ്രത്യുപകാരമായി ഉണ്ണിക്ക് പാലക്കാട് നഗരത്തില്‍ വീടും ഫഌറ്റും നിര്‍മിച്ചു നല്‍കിയെന്നും ആരോപണമുണ്ടായി. ഇതേതുടര്‍ന്ന് 2012ല്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി.
Next Story

RELATED STORIES

Share it