സിപിഎമ്മിന്റെ ഹൈടെക് പ്രചാരണത്തിന് പുത്തരിയിലേ കല്ലുകടി

കെ വി ഷാജി സമത

കോഴിക്കോട്: ഹൈടെക് പ്രചാരണം കൊണ്ട് തിരഞ്ഞെടുപ്പ് കൊഴുപ്പിക്കാനുള്ള സിപിഎം ശ്രമം തുടക്കത്തിലേ പാളുന്നു. മിസ്ഡ് കോളിനു മറുപടിയായി നേതാക്കള്‍ സംസാരിക്കുന്ന സംരംഭമാണ് ഉദ്ദേശിച്ച ഫലം കാണാതെ പോയത്.
പി ബി അംഗം പിണറായി വിജയനാണ് 8826262626 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ അടിച്ചവരെ ഇന്നലെ തിരിച്ചു വിളിച്ച് സംസാരിച്ചത്. സംഭാഷണത്തിലെ കൃത്രിമത്വവും, ആശയത്തിലെ ബലമില്ലായ്മയും ഹൈടെക് പരീക്ഷണത്തെ ഉദ്ദേശിച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിയില്ലെന്ന് അണികള്‍ തന്നെ പറയുന്നു. മിസ്ഡ് കോള്‍ അടിച്ച ഫോണിലേക്ക് തിരിച്ചു വിളിച്ച് റിക്കാഡ് ചെയ്ത സംഭാഷണം കേള്‍പ്പിക്കുകയാണ് ചെയ്യുന്നത്.
നമസ്‌കാരം, ഞാന്‍ പിണറായി വിജയന്‍. വികസനത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്. വെറുതെ കല്ലിടുന്നതാണോ വികസനം. പ്രകൃതിയെ തകര്‍ത്താണോ പുരോഗതി വേണ്ടത്. മനുഷ്യത്വമില്ലെങ്കില്‍ എന്ത് വികസനം. ഉത്തരവാദിത്തവും മനുഷ്യത്വവുമുള്ള വികസനത്തിന് എല്‍ഡിഎഫിനൊപ്പം അണിനിരക്കൂ. എല്‍ഡിഎഫ് വരും. എല്ലാം ശരിയാവും എന്നതാണ് സംഭാഷണത്തിന്റെ പൂര്‍ണ രൂപം.
പതറുന്ന ശബ്ദത്തില്‍ ഒട്ടും ആത്മവിശ്വാസം തോന്നാത്ത തരത്തിലാണ് പിണറായിയുടെ സംഭാഷണങ്ങള്‍ റിക്കാഡ് ചെയ്തതെന്ന് ആദ്യ കേള്‍വിയിലേ ബോധ്യപ്പെടും. പിണറായിയുടെ പരുക്കന്‍ ശബ്ദം പരിചയമുള്ളവര്‍ക്ക് ഈ വാക്കുകള്‍ അദ്ദേഹത്തിന്റേത് തന്നെയാണോയെന്ന് സംശയം തോന്നും.
ഭരണകക്ഷിക്കെതിരേ പിണറായി പറയുന്ന കാര്യങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിനെ കൂടി പ്രതിരോധത്തിലാക്കുന്നതാണ്. വികസനം, പ്രകൃതി ചൂഷണം, മനുഷ്യത്വം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പിണറായി സംസാരിച്ചപ്പോള്‍, ഈ കാര്യങ്ങളിലുള്ള സിപിഎമ്മിന്റെ സമീപനവും ചര്‍ച്ചയായി. ഇടതുമുന്നണി 2008ല്‍ കൊണ്ടുവന്ന കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ നോക്കുകുത്തിയാക്കി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തിയപ്പോള്‍ പ്രതിപക്ഷം ഇക്കാര്യം സഭയില്‍ ഉന്നയിക്കാന്‍ തയ്യാറായില്ല എന്നത് ചരിത്രം.
പാര്‍ട്ടി അംഗങ്ങള്‍ ഇത്തരത്തില്‍ ഭൂമി നികത്തലിന് ഇടനില നിന്നതും, ഒടുവില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പാര്‍ട്ടി അംഗങ്ങള്‍ ഏര്‍പ്പെടുന്നത് വിലക്കി സംസ്ഥാന ഘടകത്തിന് സര്‍ക്കുലര്‍ പുറപ്പെടുവിക്കേണ്ടി വന്നതും പിണറായിയുടെ വരികള്‍ക്കിടയിലൂടെ ശ്രോതാക്കളുടെ മനസ്സിലേക്ക് കടന്നുവരും.
പാരിസ്ഥിതിക നിയമങ്ങള്‍ ഭേദഗതികളിലൂടെ സര്‍ക്കാര്‍ അട്ടിമറിച്ചപ്പോള്‍ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം എല്‍ഡിഎഫ് എത്രത്തോളം നിറവേറ്റി എന്ന ചോദ്യത്തിന് അഞ്ചു വര്‍ഷത്തിനിടെ ഉണ്ടായ പാരിസ്ഥിതി ശോഷണം ഉത്തരം നല്‍കുന്നു. സുപ്രിംകോടതി, ദേശീയ ഹരിത കോടതി ഉത്തരവുകള്‍ മറികടന്ന് ക്വാറികള്‍ക്ക് നിയമവിരുദ്ധമായി അനുമതി നല്‍കിയപ്പോള്‍ പ്രതിഷേധിക്കാന്‍ സിപിഎം തയ്യാറായില്ല. മാത്രമല്ല സെക്രട്ടേറിയറ്റിന് മുന്നില്‍ ക്വാറി ഉടമകളുടെ സമരത്തിന് മുതിര്‍ന്ന നേതാക്കള്‍ ആശംസയും നേര്‍ന്നു.
മനുഷ്യത്വത്തോടുള്ള പാര്‍ട്ടിയുടെ നിലപാടുകള്‍ ഫസല്‍, ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ചേര്‍ക്കപ്പെട്ട പാര്‍ട്ടി നേതാക്കളുടെ ജയില്‍ ജീവിതത്തില്‍ നിന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തതാണ്.
Next Story

RELATED STORIES

Share it