സിപിഎമ്മിന്റെ മുതിര്‍ന്ന ജില്ലാ നേതാവ് പുരുഷോത്തമന്‍ പിള്ള സിപിഐയില്‍ ചേര്‍ന്നു

പത്തനംതിട്ട: അരനൂറ്റാണ്ടുകാലം സിപിഎമ്മിന്റെ സന്തതസഹചാരിയും മുന്‍ ജില്ലാ കമ്മിറ്റിയംഗവും കര്‍ഷകസംഘം ജില്ലാ സെക്രട്ടറിയുമായ വി കെ പുരുഷോത്തമന്‍ പിള്ള സിപിഐയില്‍ ചേര്‍ന്നു. കഴിഞ്ഞ സിപിഎം ജില്ലാ സമ്മേളനത്തില്‍ അദ്ദേഹത്തെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പരിപാടികളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
സിപിഎം ജില്ലാ നേതൃത്വത്തിനെതിരേ പണാപഹരണം അടക്കമുള്ള രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണു സഖാക്കളുടെ സ്വന്തം വികെപി സിപിഐ കൊടിക്കീഴിലേക്കു ചേക്കേറുന്നത്. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിനും ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ ജെ തോമസിനുമെതിരേ ഗുരുതര ആരോപണങ്ങളാണുന്നയിച്ചത്. പണപ്പിരിവും വ്യക്തിപൂജയുമാണു പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് പുരുഷോത്തമന്‍ പിള്ള പറഞ്ഞു. ജില്ലാ നേതൃത്വം നാലുപേരടങ്ങുന്ന കോക്കസിന്റെ കൈയിലാണ്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെപ്പോലെ കേമനാണു താനെന്നു വരുത്തിത്തീര്‍ക്കാന്‍ വ്യക്തിപൂജയില്‍ ആറാടി രസിക്കുകയാണ് ഉദയഭാനു. ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിനൊപ്പം സെക്രട്ടറിയുടെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഇതിനെ വിമര്‍ശിച്ചതിനാണു തന്നെ കമ്മിറ്റിയില്‍ നിന്നു പുറത്താക്കിയത്. വൈകൃതങ്ങള്‍ നിറഞ്ഞ നേതൃത്വത്തെ സഹിക്കേണ്ടിവരുന്ന ജില്ലയിലെ സഖാക്കളുടെ വേദനയാണു തന്റെ പ്രതിഷേധത്തിലൂടെ പുറത്തുവന്നത്. 1968ലാണ് വി കെ പുരുഷോത്തമന്‍ പിള്ള പാര്‍ട്ടി അംഗമായത്. ലോക്കല്‍, ഏരിയ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it