സിപിഎമ്മിന്റെ കള്ളക്കളി ജനം തിരിച്ചറിയും: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തെക്കുറിച്ച് സിപിഎം ഒളിച്ചുകളിക്കുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തെക്കുറിച്ച് സിപിഎം അവരുടെ നിലപാട് വ്യക്തമാക്കണം. അവരുടെ കള്ളക്കളി കേരളത്തിലെ ജനം തിരിച്ചറിയും. യുഡിഎഫ് നടപ്പാക്കിയ മദ്യനയത്തെ കുറ്റം പറയുന്ന സിപിഎമ്മിന് നിലപാട് വ്യക്തമാക്കാന്‍ എന്താണ് മടിയെന്നും മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെ അദ്ദേഹം ചോദിച്ചു.ഇത്രയും പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് അവര്‍ക്ക് നയമുണ്ടാവണ്ടേ. മദ്യനയത്തെ സിപിഎം നിരന്തരം വിമര്‍ശിക്കുകയാണ്.

യുഡിഎഫിന്റെ മദ്യനയം പുതിയ കാര്യമല്ല. ഒരുദിവസം കൊണ്ട് എടുത്തതുമല്ല, ഏറെ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്. സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ മദ്യലഭ്യത കുറച്ചുകൊണ്ടുവരാനുള്ള നിരവധി തീരുമാനങ്ങളെടുത്തിരുന്നു. എന്നാല്‍, സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് പറഞ്ഞാണ് അവര്‍ നയത്തെ എതിര്‍ത്തത്. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ് മദ്യനയത്തിന് പിന്നിലെന്നുവരെ സിപിഎം പ്രചരിപ്പിച്ചു.

ഇപ്പോള്‍ എന്തുകൊണ്ടാണ് നിലപാട് വ്യക്തമാക്കാത്തത്. അതെക്കുറിച്ച് ചോദിക്കുമ്പോള്‍ ആലോചിച്ചിട്ടില്ലെന്നും പിന്നെപ്പറയാമെന്നൊക്കെയാണ് സിപിഎം നേതാക്കളുടെ വാദം. മുയലിനൊപ്പം ഓടുകയും വേട്ടക്കാരനൊപ്പംനിന്ന് വേട്ടയാടുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ രീതിയെന്നും അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it