Flash News

സിപിഎമ്മിന്റെ കരിദിനാചരണം കാപട്യം: എസ്ഡിപിഐ

കൊച്ചി: ബാബരി മസ്ജിദ് ധ്വംസനത്തിന്റ കാല്‍നൂറ്റാണ്ട് തികയുന്ന ഇന്ന് സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന കരിദിനാചരണം കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
ശ്രീരാമവിഗ്രഹം മസ്ജിദിനുള്ളില്‍ സ്ഥാപിക്കുന്ന കാര്യം മുതല്‍ കര്‍സേവകര്‍ ഡിസംബര്‍ ആറിനുതന്നെ പള്ളി തകര്‍ക്കുന്ന സംഗതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സിപിഎമ്മിന്റെ അന്നത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസിന് അറിവുണ്ടായിരുന്നതാണ്. അന്ന് ശക്തമായി പ്രതിഷേധിക്കാന്‍ പോലും തയ്യാറാവാതിരുന്ന സിപിഎം ഇപ്പോള്‍ കരിദിനമാചരിക്കുന്നത് വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്. ഇഎംഎസിന്റെ തറവാടായ ഏലംകുളം മനയില്‍വച്ച് 1989 ഒക്ടോബര്‍ 22ന് അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ഇ എം ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് തന്നെ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബാബരി തകര്‍ന്നതിനുശേഷം പണിയാനുള്ള രാമക്ഷേത്ര ശിലാന്യാസത്തിനുള്ള ഇഷ്ടികകള്‍ ഇവിടെനിന്നു പൂജിച്ച് അയോധ്യയിലേക്ക് കൊണ്ടുപോയിട്ടുള്ളതാണ്.
ഈ ചടങ്ങിന്റെ വാര്‍ത്തയും ഫോട്ടോയും 1989 ഒക്ടോബര്‍ 24ലെ ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുന്‍പേജില്‍ പ്രത്യേക കോളം വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു.  മാത്രവുമല്ല മസ്ജിദിന്റെ തകര്‍ച്ചയെ ന്യായീകരിക്കുകയും ചെയ്ത നേതാവായിരുന്നു ഇഎംഎസ്. മസ്ജിദ് തകര്‍ക്കാന്‍ ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ പരിനിര്‍വാണദിനം കൂടിയായ ഡിസംബര്‍ ആറ് തിരഞ്ഞെടുത്തതുപോലും രാജ്യത്ത് ഉയര്‍ന്നുവരുന്ന മുസ്‌ലിം-ദലിത് കൂട്ടായ്മയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. കരിദിനം ആചരിക്കാനുള്ള ആഹ്വാനം സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടില്ലായ്മയെയാണ് വെളിപ്പെടുത്തുന്നത്. അല്ലെങ്കില്‍ ഇഎംഎസിനെ തള്ളിപ്പറയാനുള്ള ആര്‍ജവം സിപിഎം കാണിക്കണമെന്നും എസ്ഡിപിഐ ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it