Pathanamthitta local

സിപിഎമ്മിനെ നയിക്കുന്നത് അന്ധമായ കോണ്‍ഗ്രസ് വിരോധം: ഉമ്മന്‍ചാണ്ടി

ചിറ്റാര്‍:  ബിജെപി-സംഘപരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് വെല്ലുവിളികള്‍ നേരിടുന്നതിനു പകരം അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് സിപിഎമ്മിനെ നയിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയും ഡിസിസി അംഗവുമായ കെ ഇ വറുഗീസിന്റെ 33ാം രക്തസാക്ഷിത്വ ദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎം എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അന്നൊക്കെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പരയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രത്തില്‍ മോഡി സര്‍ക്കാരും കേരളത്തില്‍ പിണറായി സര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ബിജെപി യുടെ വര്‍ഗ്ഗീയതയേയും ഫാസിസ്റ്റ് നയ പരിപാടികളെയും എതിര്‍ക്കാന്‍ ഇന്ത്യയില്‍ വിശാലമായ മതേതര ജനാധിപത്യ ശക്തികള്‍ അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേവലം 33 ശതമാനം വോട്ടുകള്‍ നേടിയ മോദി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളുടെ യഥാര്‍ഥ പിന്തുണ ഇല്ലാതെയാണ് ഭരിക്കുന്നത്. സിപിഎം ഉള്‍പ്പെടെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ കോണ്‍ഗ്രസ് വിരോധം നിരുത്തരവാദിത്വപരമായ സമീപനമാണ് ബിജെപിയെ അധികാരത്തില്‍ എത്തിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് നേരിടേണ്ടി വന്നതെന്നും  അദ്ദേഹം കുറ്റപ്പെടുത്തി. മലയോര കര്‍ഷകരുടെ ജീവല്‍ പ്രശ്‌നങ്ങളായ റബ്ബര്‍, നാണ്യവിളകളുടെ വിലയിടിവ് പരിഹരിക്കുന്നതിനോ റോഡുകളുടെ നവീകരണമുള്‍പ്പെടെ അടിസ്ഥാന കാര്യങ്ങള്‍ നടത്തുന്നതിനോ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടിരിക്കുകയാണ്. റബ്ബര്‍ കര്‍ഷകരെ രക്ഷിക്കുന്നതിനുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിലസ്ഥിരതാ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റോയിച്ചന്‍ എഴിക്കകത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ആന്റോ ആന്റണി എംപി, അടൂര്‍ പ്രകാശ് എംഎല്‍എ, കെപിസിസി സെക്രട്ടറി പഴകുളം മധു, ഡിസിസി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, റിങ്കു ചെറിയാന്‍, സോജി മെഴുവേലി, ലിജു ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it