സിപിഎമ്മിനെതിരായ ആരോപണം ജാള്യം മറയ്ക്കാന്‍: കോടിയേരി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ രാജിവയ്‌ക്കേണ്ടി വന്നതിന്റെ ജാള്യം മറയ്ക്കാനാണ് കെ ബാബു സിപിഎമ്മിനെതിരേ ആരോപണമുന്നയിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാന്‍ കെ ബാബു നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോഴാണു രാജിവച്ചത്. അതിന് സിപിഎമ്മിനെ പഴിക്കേണ്ട കാര്യമില്ല. സിപിഎം നേതാക്കളും ബാറുടമകളും ഗൂഢാലോചന നടത്തിയെന്നുള്ളതെല്ലാം ബാബു മെനയുന്ന കഥയാണെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബാര്‍ കോഴയില്‍ ആരോപണം ഉന്നയിക്കുന്നതിനു മുമ്പ് ഒരിക്കല്‍പോലും ബിജു രമേശ് തന്നെ കണ്ടിട്ടില്ല. എന്നാല്‍, പിന്നീട് പലതവണ കണ്ടിട്ടുണ്ട്. കേസില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുമ്പോള്‍ കെ ബാബു പരിഭവിച്ചിട്ടു കാര്യമില്ല. ഇപ്പോള്‍ ബാബു ഉന്നയിച്ച ആരോപണം നേരത്തെയും പറഞ്ഞിരുന്നു. അന്നേ ബന്ധപ്പെട്ട വ്യക്തികള്‍ അതു നിഷേധിച്ചിട്ടുള്ളതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുള്ള മദ്യനയം സംബന്ധിച്ച് ഇതേവരെ ചര്‍ച്ച ചെയ്തിട്ടില്ല. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള എക്‌സൈസ് നയമായിരിക്കും തങ്ങള്‍ സ്വീകരിക്കുകയെന്നും ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിമര്‍ശനത്തിന്റെ മുള്ളുകള്‍ ചെന്നുതറയ്ക്കുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നെഞ്ചിന്‍കൂട്ടിലാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ബാബു നടത്തിയിരിക്കുന്ന എല്ലാ അഴിമതികളുടെയും തേരാളി ഉമ്മന്‍ചാണ്ടിയാണ്. അതുകൊണ്ട് ബാബുവിന്റെ അഴിമതി കൃത്യമായി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടിയും കുടുങ്ങും. ബാബുവിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി വിധി പുറപ്പെടുവിച്ചു. ഈ സാഹചര്യത്തില്‍ ഒരുനിമിഷം പോലും വൈകാതെ ബാബു രാജിവയ്ക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു.
കേസ് തേച്ചുമാച്ചുകളയാന്‍ വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളികളെ നിശിതമായി കോടതി വിമര്‍ശിച്ചിരിക്കുകയാണ്. വിജിലന്‍സിന് സത്യസന്ധതയും ആത്മാര്‍ഥതയുമില്ലെന്നാണ് കോടതി പറഞ്ഞത്. തട്ടിപ്പുകള്‍ കാട്ടി കോടതിയെ മണ്ടനാക്കരുതെന്നും പറഞ്ഞു. ഒന്നരമാസമായി വിജിലന്‍സ് എന്തുചെയ്യുകയായിരുന്നുവെന്നാണ് കോടതി ആരാഞ്ഞത്. കേസ് ഇല്ലാതാക്കാനും കേസില്‍നിന്നു രക്ഷപ്പെടാനും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കെ ബാബു നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചതെന്നും വിഎസ് പറഞ്ഞു.
വിജിലന്‍സ് കോടതിയില്‍നിന്നും ഹൈക്കോടതിയില്‍നിന്നും സര്‍ക്കാരിനെതിരായി നിരന്തരം വിധിവരുന്ന സാഹചര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസഭതന്നെ രാജിവയ്ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കെ ബാബുവിന്റെ രാജിയില്‍ മാത്രം ബാര്‍ കോഴ വിഷയം അവസാനിക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായി ജസ്റ്റിസ് കെമാല്‍പാഷ നടത്തിയ പരാമര്‍ശങ്ങളും ഇന്നലെ തൃശൂര്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശവും ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it