സിപിഎമ്മിനും ബിജെപിക്കും ഇരട്ട നിലപാട്: ചെന്നിത്തല

തിരുവനന്തപുരം/കോഴിക്കോട്: ശബരിമല വിഷയത്തില്‍ പുനപ്പരിശോധനാ ഹരജി നല്‍കാനാവില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തില്‍ സിപിഎമ്മും ബിജെപിയും ഇരട്ട നിലപാടാണു സ്വീകരിക്കുന്നത്. ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് ഈ കോടതിവിധിയെ ഉപയോഗിക്കുന്നത്. അത് ആപല്‍ക്കരമാണെന്നും ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിനും ഇതേ നിലപാടാണുള്ളത്. ശബരിമലയില്‍ സ്ത്രീപ്രവേശനം വിലക്കിയിരുന്നില്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നിയന്ത്രണമേ ഏര്‍പ്പെടുത്തിയിരുന്നുള്ളൂ. അതിന് പകരം പ്രായഭേദമന്യേ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രിംകോടതി വിധി വിശ്വാസിസമൂഹത്തില്‍ ആഴത്തിലുളള മുറിവാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഭക്തജനങ്ങളെ കബളിപ്പിക്കുന്ന നിലപാട് ബിജെപി ഉപേക്ഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍, അംഗങ്ങള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമായിരുന്നു ചെന്നിത്തല വാര്‍ത്താ സമ്മേളനം നടത്തിയത്.
ശബരിമലയില്‍ കക്ഷി ചേര്‍ന്നവര്‍ക്കു മാത്രമെ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ സാധിക്കൂ. എല്ലാവരുമായും കൂടിയാലോചിച്ചു വിശ്വാസ സമൂഹത്തിന്റെ വിശ്വാസം സംരക്ഷിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രയാര്‍ നിലവില്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനല്ലാത്തതിനാല്‍ അദ്ദേഹത്തിന് റിവ്യൂ ഹരജി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല ഉള്‍പ്പെടയുളള ആരാധനാലയങ്ങളിലെ പ്രാര്‍ഥനയും പ്രവേശനവും അതതു വിശ്വാസികളുടെ വികാരം മാനിച്ചാവണമെന്നും ബാഹ്യ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഗണിച്ച് അപ്പീല്‍ പോവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കേന്ദ്രം ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ബിജെപി വിശ്വാസികള്‍ക്കൊപ്പമാണെന്നു സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസത്തെ തകര്‍ക്കാനുള്ള സംഘടിത നീക്കത്തിന് ഒത്താശ ചെയ്യുകയായിരുനെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ താല്‍പര്യത്തിനെതിരേ നിലപാടെടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആ സ്ഥാനത്തു തുടരാന്‍ അര്‍ഹനല്ല. പന്തളം രാജകുടുംബത്തിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം സുചിപ്പിച്ചു.
അതേസമയം ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച ഭാരതീയ വിചാരകേന്ദ്രം അസി. ഡയറക്ടര്‍ ആര്‍ സഞ്ജയന്റെ ലേഖനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ശ്രീധരന്‍പിള്ള തയ്യാറായില്ല. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാടു വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. വിശ്വാസികളായ സ്ത്രീകളാരും ശബരിമല ദര്‍ശനത്തിനു തയ്യാറാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it