സിപിഎമ്മിനും ബിജെപിക്കും വിമര്‍ശനം; വികസന നേട്ടങ്ങള്‍ നിരത്തി മുഖ്യമന്ത്രി പ്രചാരണം തുടങ്ങി

അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് അണികള്‍ക്ക് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി എത്തി. ഇന്നലെ രാവിലെ കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ സ്വീകരിച്ചു. പിന്നീട് ഗസ്റ്റ് ഹൗസിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് 8.30ന് പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംബന്ധിച്ചു. ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് തങ്ങള്‍ വോട്ട് ചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന സൂചനയും മുഖ്യമന്ത്രി നല്‍കി. പിന്നീട് ആദ്യ പൊതുയോഗ സ്ഥലമായ മംഗല്‍പാടി പഞ്ചായത്തിലെ ഉപ്പളയിലെത്തി പ്രസംഗിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പ്രസംഗം തുടങ്ങിയത്. കാരുണ്യ ബെനവലന്റ് പദ്ധതിയില്‍ നിര്‍ധനര്‍ക്ക് ലഭിച്ച ചികില്‍സയും മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ കാര്യങ്ങള്‍ ചെയ്ത യുഡിഎഫിനെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്നും ചില തര്‍ക്കങ്ങള്‍ ചില പ്രദേശത്തുണ്ടെങ്കിലും അതൊക്കെ പരിഹരിക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് നേതാക്കളായ സി ടി അഹമ്മദലി, അഡ്വ. ടി സിദ്ദീഖ്, അഡ്വ. സി കെ ശ്രീധരന്‍, പി എ അഷറഫലി, കെ നീലകണ്ഠന്‍, എ ജി സി ബഷീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് മിലന്‍ ഗ്രൗണ്ടിലെ യുഡിഎഫ് പൊതുയോഗത്തിന്് എത്തി. ഇവിടേയും ടി സിദ്ദീഖ്, സി ടി അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ തുടങ്ങിയവര്‍ സംബന്ധിച്ചു.
കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരേയും സിപിഎമ്മിനെതിരേയും രൂക്ഷവിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന ഇടതുമുന്നണിയുടെ ഇരട്ടത്താപ്പ് നയത്തേയും ബിജെപിയുടെ വര്‍ഗീയ ഫാസിസത്തിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.
കേരളത്തില്‍ ധ്രുവീകരണം നടത്തി വോട്ട് നേടാമെന്നുള്ളത് മിഥ്യാധാരണയാണെന്നും മതേതരത്വം ഇവിടെ എന്നും ഉയര്‍ത്തിപ്പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് ചട്ടഞ്ചാലിലും കാഞ്ഞങ്ങാട്ടും മലയോര മേഖലയായ ചുള്ളിക്കരയിലും ചിറ്റാരിക്കാലിലും നടത്തിയ പൊതുയോഗങ്ങളിലും  മുഖ്യമന്ത്രി സംസാരിച്ചു.
Next Story

RELATED STORIES

Share it