സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു

ഹൈദരാബാദ്: കര്‍ഷക പോരാട്ടങ്ങളുടെ ചുവന്നഭൂമിയായ തെലങ്കാനയുടെ മണ്ണില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പൊതുസമ്മേളനത്തോടെ സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചു. സെക്കന്തരാബാദ് സരൂര്‍നഗര്‍ സ്റ്റേഡിയത്തില്‍ നടന്ന മഹാറാലിയോടെയായിരുന്നു സമാപനം. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പിബി അംഗം മണിക് സര്‍ക്കാര്‍ അധ്യക്ഷനായിരുന്നു.
സമാപന സമ്മേളനത്തിനു മുന്നോടിയായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും സമാപനവേദിയിലും തെലങ്കാനയുടെ തനതു കലാരൂപങ്ങള്‍ അരങ്ങേറി. തെലങ്കാനയില്‍ നിന്നുള്ള കലാകാരന്‍മാരുടെ വിപ്ലവഗാനാലാപനത്തോടെയാണ് സമാപന സമ്മേളനം ആരംഭിച്ചത്. ഹൈദരാബാദ് നഗരമധ്യത്തിലെ പരേഡ് ഗ്രൗണ്ടിലായിരുന്നു സമാപനറാലി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രൗണ്ട് മോദി സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് നിഷേധിക്കപ്പെട്ടതോടെ സമ്മേളന നഗരിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെയുള്ള സരൂര്‍നഗര്‍ ഗ്രൗണ്ടിലേക്കു മാറ്റുകയായിരുന്നു.
വൈകുന്നേരം നാലുമണിയോടെയാണ് സമാപന സമ്മേളനം തുടങ്ങിയത്. ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെയും മറ്റു പിബി അംഗങ്ങളെയും തുറന്ന ജീപ്പില്‍ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. നിറഞ്ഞ കൈയടിയോടെയാണ് നേതാക്കളെ വരവേറ്റത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍, എസ് രാമചന്ദ്രന്‍പിള്ള, ബിമന്‍ബസു, വി വി രാഘവുലു, വൃന്ദ കാരാട്ട് സംസാരിച്ചു.
കേരളത്തില്‍ നിന്നടക്കം നിരവധിപേര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഉച്ചയോടെയാണ് പ്രതിനിധി സമ്മേളനം സമാപിച്ചത്. പ്രതിനിധി സമ്മേളനത്തിന്റെ സമാപനത്തില്‍ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തിരഞ്ഞെടുത്തതായി മണിക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് തെലങ്കാനയില്‍ നിന്നുള്ള ഗായകസംഘം അന്താരാഷ്ട്ര വിപ്ലവഗാനം ആലപിച്ചു.
Next Story

RELATED STORIES

Share it