സിപിഎം സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയാവുന്നു

തിരുവനന്തപുരം: തര്‍ക്കങ്ങളും പ്രതിഷേധങ്ങളും അവഗണിച്ച് സിപിഎമ്മിന്റെ സ്ഥാനാര്‍ഥിനിര്‍ണയം അന്തിമഘട്ടത്തിലേക്ക്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് തൃപ്പൂണിത്തുറയില്‍ മന്ത്രി കെ ബാബുവിനെതിരേ ജനവിധി തേടും.  ഐഎല്‍എല്‍ മല്‍സരിക്കുന്ന വേങ്ങര, കൂത്തുപറമ്പ് മണ്ഡലങ്ങള്‍ സിപിഎം ഏറ്റെടുക്കും. പകരം മലപ്പുറവും കോഴിക്കോട് സൗത്തും ഐഎന്‍എല്ലിനു നല്‍കും. ചലച്ചിത്രതാരം മുകേഷിന്റെയും മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിന്റെയും സ്ഥാനാര്‍ഥിത്വത്തിന് അന്തിമ അംഗീകാരം നല്‍കി. അഴീക്കോട് മണ്ഡലത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ്‌കുമാറിനെ മല്‍സരിപ്പിക്കാനാണ് ധാരണ. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനങ്ങള്‍. പാര്‍ട്ടി സംസ്ഥാന സമിതി അംഗം കൂടിയായ എം സ്വരാജിനെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുന്നതാണ് പ്രധാന തീരുമാനങ്ങളിലൊന്ന്. നേരത്തേ മല്‍സരിക്കാനില്ലെന്നറിയിച്ച സ്വരാജിനെ പ്രത്യേക സാഹചര്യത്തിലാണ് തൃപ്പൂണിത്തുറയില്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. കെ ബാബുവിനെതിരേ ശക്തനായ സ്ഥാനാര്‍ഥി വേണമെന്നതിനാലാണ് സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം നേതൃത്വത്തിന്റെ പരിഗണനയ്‌ക്കെത്തിയത്. നേരത്തേ ദിനേശ് മണിയെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചെങ്കിലും പ്രാദേശിക എതിര്‍പ്പുകള്‍ കാരണം അദ്ദേഹം സ്വയം പിന്‍മാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മണ്ഡലത്തില്‍ ദിനേശ് മണിക്കെതിരേ പോസ്റ്ററുകളും ലഘുലേഖകളും പ്രചരിച്ചിരുന്നു. നടന്‍ മുകേഷ് കൊല്ലത്തും വീണ ജോര്‍ജ് ആറന്മുളയിലും ജനവിധി തേടും. ഇരുവരുടെയും സ്ഥാനാര്‍ഥിത്വത്തിനെതിരേ പ്രാദേശിക ഘടകങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. മുകേഷിനെതിരേ പി കെ ഗുരുദാസനും കൊല്ലം ജില്ലാനേതൃത്വവും രംഗത്തെത്തിയപ്പോള്‍ വീണ ജോര്‍ജിനെതിരേ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍,  എതിര്‍പ്പുകളെയെല്ലാം മറികടന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് വീണ ജോര്‍ജ് മല്‍സരിക്കുന്നത്. നികേഷ്‌കുമാര്‍ സ്വതന്ത്രസ്ഥാനാര്‍ഥി ആയാണോ പാര്‍ട്ടി ചിഹ്നത്തിലാണോ മല്‍സരിക്കുന്നതെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. നികേഷിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം ജില്ലാ സെക്രട്ടേറിയറ്റിനു കൈമാറി. കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടിയശേഷം അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമെടുക്കും. അതേസമയം, നിലവില്‍ ഐഎന്‍എല്‍ മല്‍സരിച്ചിരുന്ന കൂത്തുപറമ്പ്, വേങ്ങര മണ്ഡലങ്ങള്‍ ഏറ്റെടുക്കാന്‍ സിപിഎം തീരുമാനിച്ചു. കൂത്തുപറമ്പില്‍ പി ഹരീന്ദ്രനും വേങ്ങരയില്‍ പി ജിജിയും സിപിഎം സ്ഥാനാര്‍ഥികളാവും. ഐഎന്‍എല്ലിന് ഈ മണ്ഡലങ്ങള്‍ക്കു പകരമായി മലപ്പുറവും കോഴിക്കോട് സൗത്തും നല്‍കാനാണു തീരുമാനം. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ച ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലയില്‍ ഒരു സീറ്റെങ്കിലും വേണമെന്ന നിലപാടിലാണ്. പി സി ജോര്‍ജിനെ സഹകരിപ്പിക്കുന്ന കാര്യത്തില്‍ സിപിഎം തീരുമാനമൊന്നും എടുത്തില്ല. ഇക്കാര്യം നാളെ ചേരുന്ന എല്‍ഡിഎഫ് യോഗം ചര്‍ച്ചചെയ്യും. പുതിയ സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് കീഴ്ഘടകങ്ങള്‍ക്ക് റിപോര്‍ട്ട് ചെയ്യും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച മണ്ഡലങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ യോഗം ചേരും. അതേസമയം, സ്ഥാനാര്‍ഥിത്വവും സീറ്റുകളും സംബന്ധിച്ച് ഘടകകക്ഷികളുമായി കൂട്ടായ തീരുമാനത്തിലെത്താന്‍ സിപിഎമ്മിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സീറ്റുകള്‍ കൂടുതല്‍ വേണമെന്ന് സിപിഐ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ മുന്നണിപ്രവേശനത്തിനായി കാത്തിരിക്കുകയും സീറ്റ് ആവശ്യപ്പെടുകയും ചെയ്തതിനാല്‍ അതിനു സാധിക്കില്ലെന്നാണ് സിപിഎം നിലപാട്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. നാളെ നടക്കുന്ന എല്‍ഡിഎഫ് യോഗത്തിനുശേഷമായിരിക്കും മറ്റു കക്ഷികള്‍ അവകാശവാദം ഉന്നയിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക.
Next Story

RELATED STORIES

Share it