Kerala Assembly Election

സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍ അഴിച്ചുപണി

തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ അഴിച്ചുപണി. നിലവില്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അതൃപ്തി അറിയിച്ചതിനാലാണ് മാറ്റം വരുത്തുന്നത്.
തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് സെക്രട്ടേറിയറ്റില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. കൊല്ലത്ത് വിജയസാധ്യത മാനദണ്ഡമാക്കി മാറ്റം വരുത്തണമെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശം. യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് സെക്രട്ടേറിയറ്റില്‍ ആവശ്യമുയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാനസമിതി യോഗവും ഇക്കാര്യം ചര്‍ച്ച ചെയ്തു. ഉടന്‍ തന്നെ ഈ ജില്ലകളിലെ സ്ഥാനാര്‍ഥി പട്ടിക പുനപ്പരിശോധിച്ച് പുതിയ പട്ടിക നല്‍കണമെന്ന് സംസ്ഥാന സമിതിയില്‍ നിര്‍ദേശമുണ്ടായി.
തിരുവനന്തപുരത്തേയും കൊല്ലത്തേയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷമുണ്ടായിരുന്നു. തിരുവനന്തപുരത്തെ പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെയാണ് കൂടുതല്‍ പരിഗണിച്ചിട്ടുള്ളതെന്നും യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു. കൂടാതെ, പോഷകസംഘടനകളില്‍ നിന്നുള്ള പ്രതിഷേധം കൂടി കണക്കിലെടുത്താണ് യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ തീരുമാനം. യുവനേതാക്കളായ സുനില്‍കുമാര്‍, ഐ സാജു, പി ബിജു തുടങ്ങിയവരെ പരിഗണിക്കാതെ പ്രായമായവര്‍ക്ക് തന്നെ അവസരം നല്‍കി എന്നാണ് പരാതി. പാര്‍ട്ടി ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മല്‍സരിക്കുന്നതിനെതിരേയും ആക്ഷേപമുണ്ടായിരുന്നു.
കൊല്ലത്ത് വിജയസാധ്യത പരിഗണിച്ചായിരിക്കണം പട്ടിക തയ്യാറാക്കേണ്ടതെന്ന് നിര്‍ദേശമുണ്ടായി. കൊല്ലത്ത് നിലവിലെ പട്ടികയുമായി മുന്നോട്ടുപോയാല്‍ തിരിച്ചടിയുണ്ടാവും. ഒരു പ്രദേശത്തെ നേതാവായതുകൊണ്ടു മാത്രം സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന നിര്‍ദേശവും ഉണ്ടായി.
ആറന്മുളയില്‍ നിലവിലെ പട്ടികയില്‍ ഉള്ളതില്‍ ആരെ സ്ഥാനാര്‍ഥിയാക്കിയാലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന പരാതി സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആറന്മുളയിലെ സ്ഥാനാര്‍ഥിയെയും പുനപ്പരിശോധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആറു പേര്‍ മാത്രമേ മല്‍സരിക്കാന്‍ പാടുള്ളൂവെന്ന നിബന്ധന കണക്കിലെടുത്ത് ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ദേശങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. 16ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റായിരിക്കും അന്തിമസ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കുക.
Next Story

RELATED STORIES

Share it