സിപിഎം, സിപിഐ സ്ഥാനാര്‍ഥി നിര്‍ണയം; നേതൃയോഗങ്ങള്‍ ഇന്നുമുതല്‍

സിപിഎം, സിപിഐ സ്ഥാനാര്‍ഥി നിര്‍ണയം; നേതൃയോഗങ്ങള്‍  ഇന്നുമുതല്‍
X
kanampinarayiതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി സിപിഎം, സിപിഐ നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും. ഇന്നും നാളെയും സിപിഎം സസ്ഥാന സെക്രട്ടേറിയറ്റും ഞായറാഴ്ച സിപിഎം സംസ്ഥാന സമിതിയും യോഗം ചേരും. ഇന്ന് രാവിലെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവും ഉച്ചയ്ക്കുശേഷം സംസ്ഥാന കൗണ്‍സിലും നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് ആരൊക്കെ മല്‍സരിക്കണമെന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമുണ്ടാവും.
രണ്ടു തവണയില്‍ കൂടുതല്‍ മല്‍സരിച്ചവര്‍ക്കും ജില്ലാ സെക്രട്ടറിമാര്‍ക്കും മല്‍സരിക്കുന്നതില്‍ ഇളവ് നല്‍കുന്ന കാര്യത്തിലും ധാരണയിലെത്തും. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന സാധ്യതാ പട്ടികയില്‍ പല ജില്ലാ സെക്രട്ടറിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ജില്ലാ സെക്രട്ടറിമാര്‍ മല്‍സരിക്കുന്നത് തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്ന അഭിപ്രായമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്. വിഎസും പിണറായിയും മല്‍സരിക്കണമെന്ന പോളിറ്റ് ബ്യൂറോയുടെ തീരുമാനം യോഗം ചര്‍ച്ച ചെയ്യും. 14 ജില്ലാ കമ്മിറ്റികളും സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും ഈ പട്ടിക പരിശോധിച്ച് ധാരണയിലെത്തും. അതേസമയം, ഇന്ന് ചേരുന്ന സിപിഐയുടെ യോഗങ്ങളും നിര്‍ണായകമാണ്.
രണ്ടു തവണ മല്‍സരിച്ചവര്‍ തിരഞ്ഞെടുപ്പില്‍നിന്ന് മാറിനില്‍ക്കണമെന്ന മുന്‍ മാനദണ്ഡം കര്‍ശനമാക്കണമോ എന്ന് ഇന്നത്തെ നേതൃയോഗമായിരിക്കും തീരുമാനമെടുക്കുക. മണ്ഡലത്തിലെ ജയസാധ്യതയും അനുഭവസമ്പത്തും പരിഗണിച്ച് ഇത്തവണ ചിലര്‍ക്ക് ഇളവുകള്‍ നല്‍കുന്നത് ഉചിതമാവുമെന്ന അഭിപ്രായം നിര്‍വാഹക സമിതിയില്‍ ഇപ്പോള്‍ തന്നെയുണ്ട്. ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ ഭരണകാര്യങ്ങളില്‍ മുന്‍പരിചയമുള്ള ജനപ്രതിനിധികളായെത്തുന്നത് മന്ത്രിസഭയിലെ പങ്കാളിത്തത്തിലും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതിനും ഗുണം ചെയ്യുമെന്നതാണ് ഈ വികാരത്തിന് പിന്നില്‍.
എന്നാല്‍, കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിപക്ഷവും ഇളവ് വേണ്ടെന്ന നിലപാടുകാരാണ്. ഇളവ് ലഭിച്ചാല്‍ സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, വി എസ് സുനില്‍കുമാര്‍ എന്നിവര്‍ക്ക് മല്‍സരിക്കാന്‍ ഒരവസരം കൂടി ലഭിച്ചേക്കും.
Next Story

RELATED STORIES

Share it