wayanad local

സിപിഎം-സിപിഐ തര്‍ക്കം മുറുകുന്നു

മാനന്തവാടി: സിപിഎമ്മിനെയും എംഎല്‍എ ഒ ആര്‍ കേളുവിനെയും വിമര്‍ശിച്ച് സിപിഐ മാനന്തവാടി മണ്ഡലം സമ്മേളനം. മാനന്തവാടിയില്‍ സിപിഎംമ്മിന് ഇപ്പോഴും വല്യേട്ടന്‍ മനോഭാവമാണെന്നും ഘടകകക്ഷിയെന്ന നിലയില്‍ തങ്ങളോട് ആലോചിക്കാതെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മണ്ഡലം സെക്രട്ടറി ജോണി മറ്റത്തിലാനി അവതരിപ്പിച്ച റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തി. എല്‍ഡിഎഫ് ഘടകക്ഷികള്‍ എന്ന നിലയില്‍ വര്‍ഷങ്ങളായി സിപിഎമ്മും സിപിഐയും തമ്മില്‍ മാനന്തവാടിയില്‍ സ്വരച്ചേര്‍ച്ചയില്ല.
പല വിഷയങ്ങളിലും വ്യത്യസ്ത നിലപാടുകള്‍ വച്ചുപുലര്‍ത്തുകയാണ് ഇരു പാര്‍ട്ടികളും. അഭിപ്രായ വ്യത്യാസം ഒരുഘട്ടത്തില്‍ തെരുവുയുദ്ധത്തിലും കലാശിച്ചിരുന്നു.
ഇതിനുശേഷം എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. എന്നാല്‍, ഏറ്റവും ഒടുവിലായി കുറുവാദ്വീപ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടികളും പരസ്യമായി കൊമ്പുകോര്‍ക്കുകയാണ്. ഇതിനിടെയാണ് മണ്ഡലം സമ്മേളനത്തില്‍ സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനമുണ്ടായിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ ആര്‍ കേളുവിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മില്‍ തന്നെ നീക്കങ്ങളുണ്ടായെന്നും എന്നാല്‍, സിപിഐയുടെ ആത്മാര്‍ഥ പരിശ്രമഫലമായാണ് അദ്ദേഹം വിജയിച്ചതെന്നും റിപോര്‍ട്ടില്‍ പറയുന്നു. എംഎല്‍എ ആയ ശേഷം സിപിഐയുമായി ഒരു ബന്ധവും വച്ചു പുലര്‍ത്തുന്നില്ലെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മാനന്തവാടി നഗരസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പ്രഥമ നഗരസഭാ ഭരണം എല്‍ഡിഎഫിന് ലഭിച്ചത്.
രണ്ടു സീറ്റുകളില്‍ സിപിഐയും വിജയിച്ചു. എന്നാല്‍, ഭരണസമിതി എന്ന നിലയില്‍ ഒരു കാര്യവും സിപിഐയുമായി ചര്‍ച്ച ചെയ്യാറില്ലെന്നും തീരുമാനങ്ങളെല്ലാം സിപിഎം ഒറ്റയ് ക്കാണ് എടുക്കുന്നതെന്നും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇത്തരത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നതെങ്കില്‍ പരസ്യനിലപാട് സ്വീകരിക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം മാനന്തവാടി ഏരിയാ സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ സിപിഐക്കെതിരേ സിപിഎം നേതാവ് കൂടിയായ മന്ത്രി എം എം മണി വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്‍ഡിഎഫിലെ ചിലര്‍ തന്നെ സിപിഎമ്മിനെ തളര്‍ത്താനാണ് ശ്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം.
വന്‍ കൈയടിയോടെയാണ് സമ്മേളനത്തിനെത്തിയവര്‍ മണിയുടെ പ്രസ്താവനയെ വരവേറ്റത്. ഈ സാഹചര്യത്തിലാണ് സിപിഐ മണ്ഡലം കമ്മിറ്റി റിപോര്‍ട്ടില്‍ സിപിഎമ്മിനെതിരേ വിമര്‍ശനമുണ്ടായിരിക്കുന്നത്.
Next Story

RELATED STORIES

Share it