wayanad local

സിപിഎം-സിപിഐ അഭിപ്രായഭിന്നത രൂക്ഷം

മാനന്തവാടി: കുറുവാദ്വീപിലെ ടൂറിസവുമായി ബന്ധപ്പെട്ട് സിപിഎം-സിപിഐ അഭിപ്രായഭിന്നത രൂക്ഷമാവുന്നു. സിപിഎമ്മിനെ നോക്കുകുത്തിയാക്കിയാണ് വനംവകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐ കടുത്ത നിയന്ത്രണങ്ങള്‍ ദ്വീപില്‍ കൊണ്ടുവന്നത്. ഡിടിപിസിയെ പൂര്‍ണമായി കുറുവയില്‍ നിന്നു മാറ്റിനിര്‍ത്തുകയെന്ന ലക്ഷ്യവും സിപിഐക്കുണ്ട്. ദ്വീപ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനു പിന്നില്‍ പ്രദേശത്തെ സിപിഐ പ്രവര്‍ത്തകരാണെന്നാണ് സൂചന. ദ്വീപ് തുറക്കണമെന്നും സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഡിഎംസി ചെയര്‍മാനായ നിയോജക മണ്ഡലം എംഎല്‍എയോടോ വൈസ് ചെയര്‍മാനായ നഗരസഭാധ്യക്ഷനോടോ ആലോചിക്കുക പോലും ചെയ്യാതെ വനംവകുപ്പ് ഏകപക്ഷീയമായി തീരുമാനമെടുത്തതില്‍ സിപിഎമ്മിന് കടുത്ത അമര്‍ഷമുണ്ട്. ഇതിനിടയില്‍  ദ്വീപ് പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിരിക്കുന്നതിനു പിന്നില്‍ സിപിഐ ആണെന്ന സൂചനകള്‍ വരുംദിവസങ്ങളില്‍ പോര് രൂക്ഷമാവുന്നതിനു കാരണമായേക്കും. പരിസ്ഥിതി സംരക്ഷണത്തിന് കോട്ടംതട്ടുന്നതിനു പ്രധാന കാരണം ഡിടിപിസിയുടെ പ്രവര്‍ത്തനങ്ങളാണെന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നതും ശ്രദ്ധേയമാണ്. എന്നാല്‍, ഹരജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നു കുറുവാ സംരക്ഷണ സമിതി ഭാരവാഹി സണ്ണി ജോര്‍ജ് പറഞ്ഞു. വര്‍ഷങ്ങളായി നിരവധി സഞ്ചാരികള്‍ എത്തിയിട്ടും പരിസ്ഥിതിക്കോ കറുവയിലെ അപൂര്‍വ ഔഷധ സസ്യങ്ങള്‍ക്കോ യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ല. ദ്വീപ് അടച്ചുപൂട്ടുന്നതു ജീവനക്കാര്‍ക്കും ദ്വീപിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ചെറുകിട കച്ചവടക്കാര്‍ക്കും ഇരുട്ടടിയാവും. ദ്വീപിനെതിരായ ഇത്തരം നടപടികള്‍ പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രതിരോധിക്കുമെന്നും സണ്ണി ജോര്‍ജ് പറഞ്ഞു. സഞ്ചാരികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അനിശ്ചിതകാല സത്യഗ്രഹമടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുകയാണ്.
Next Story

RELATED STORIES

Share it