സിപിഎം സമ്മേളന ഫഌക്‌സില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍

നെടുങ്കണ്ടം (ഇടുക്കി): നെടുങ്കണ്ടം ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സ്ഥാപിച്ച ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ ഫഌക്‌സ്, ജില്ലാ സെക്രട്ടറി നിര്‍ദേശിച്ചിട്ടും എടുത്തുമാറ്റാതെ അണികള്‍. കിങ് ജോങ് ഉന്നിന്റെ ഫഌക്‌സ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ നടത്തിയ ശ്രമം ഇതോടെ പാളി. നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ അവസാനദിനമായ ഇന്നലെ രാത്രി 9മണിവരെ, പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റി താന്നിമൂട്ടില്‍ സ്ഥാപിച്ച ഫഌക്‌സ് ആണ് മാറ്റാതിരുന്നത്. നെടുങ്കണ്ടം ടൗണിലെ ഫഌക്‌സ് മാറ്റിയിട്ടുണ്ട്. അതേസമയം, 21ാം നൂറ്റാണ്ട് കണ്ട ഏറ്റവും ക്രൂരനായ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രം ഏരിയ സമ്മേളനത്തിന് ഉപയോഗിച്ചതോടെ വെളിവാകുന്നത് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയ വ്യഗ്രതയാണെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. ഫഌക്‌സ് ബോര്‍ഡില്‍ കിം ജോങ് ഉന്നിന്റെ ചിത്രം വച്ചതിനെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. കിം ഇല്‍ സുങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്കു സമയമില്ലാത്തതുകൊണ്ടായിരിക്കും എന്നുതോന്നുന്നു എന്ന കുറിപ്പോടെയാണ് ബല്‍റാം ചിത്രം സാമൂഹികമാധ്യമത്തി ല്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍, ബോര്‍ഡുകള്‍ സ്ഥാപിച്ചത് മാധ്യമവാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. ബോര്‍ഡുകള്‍ സ്ഥാപിച്ചതുമായി ജില്ലാ നേതൃത്വത്തിനു ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ വ്യക്തമാക്കി. മന്ത്രി എം എം മണിയുടെ മണ്ഡലത്തിലാണ് ഉന്നിന്റെ ചിത്രങ്ങള്‍ അടങ്ങുന്ന ഫഌക്‌സ് സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം സ്ഥാപിച്ചത്.

.
Next Story

RELATED STORIES

Share it