malappuram local

സിപിഎം സമ്മേളനങ്ങള്‍ : ഭാരവാഹിത്വത്തിന് കിടമല്‍സരം



എടപ്പാള്‍: സിപിഎം ഘടകങ്ങളുടെ സമ്മേളനങ്ങളില്‍ നേതൃസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനായി മല്‍സരങ്ങളും വോട്ടെടുപ്പും. നേതൃസ്ഥാനങ്ങളിലേക്കു മല്‍സരങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യകരമായ രീതിയിലായിരിക്കണം നേതൃത്വങ്ങളെ തിരഞ്ഞെടുക്കേണ്ടതെന്നുമുള്ള സംസ്ഥാന കമ്മിറ്റി സര്‍ക്കുലര്‍ തള്ളിക്കളഞ്ഞാണ് പല ലോക്കല്‍ സമ്മേളനങ്ങളിലും വാശിയേറിയ മല്‍സരങ്ങളും വോട്ടെടുപ്പും നടക്കുന്നത്. കഴിഞ്ഞ ദിവസം  വട്ടംകുളം ലോക്കല്‍ സമ്മേളനത്തില്‍ നടന്ന വാശിയേറി മല്‍സരത്തില്‍ നിലവിലെ ലോക്കല്‍ സെക്രട്ടറി വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 13 അംഗ ലോക്കല്‍ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് നിലവിലെ ലോക്കല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണന്‍ പരാജയപ്പെട്ടത്. പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ച പാനലിന് പുറത്തുനിന്നും മല്‍സരിച്ച കുറ്റിപ്പാലയിലെ നേതാവാണ് ലോക്കല്‍ സെക്രട്ടറിയായിരുന്ന കൃഷ്ണനെ പരാജയപ്പെടുത്തിയത്. കാലടി ലോക്കല്‍ സമ്മേളനത്തിലും ഔദ്യോഗിക പാനലിനെതിരേ കടുത്ത മല്‍സരവും വോട്ടെടുപ്പുമാണ് നടന്നത്. പാനലിനു പുറത്തുനിന്നും രണ്ടുപേര്‍ മല്‍സരിച്ചതില്‍ ഒരാള്‍ വിജയിക്കുകയും നിലവില്‍ മൂര്‍ച്ചര ബ്രാഞ്ച് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ലോക്കല്‍ കമ്മിറ്റിയിലുണ്ടായിരുന്ന ചന്ദ്രനെ വോട്ടിങ്ങിലൂടെ പരാജയപ്പെടുത്തുകയുമായിരുന്നു. എടപ്പാള്‍ ലോക്കല്‍ സമ്മേളനത്തിലും കടുത്ത മല്‍സരം നടന്നെങ്കിലും പാനലിനു പുറത്തു നിന്നും മല്‍സരിച്ച ആര്‍ക്കും ജയിക്കാനായില്ല. എടപ്പാള്‍ ചുങ്കം കേന്ദ്രീകരിച്ച് പാര്‍ട്ടി പ്രവര്‍ത്തനവും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനവും നടത്തി വരുന്ന ഒട്ടേറെ പ്രവര്‍ത്തകരെ ലോക്കല്‍ സമ്മേളനങ്ങളിലേക്ക് പ്രതിനിധികളാക്കാതെ തഴഞ്ഞെന്നുമുള്ള ആരോപണവും ശക്തമാണ്. ഔദ്യോഗിക നേതൃത്വത്തെ അംഗീകരിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകരെ പലരേയും ഉയര്‍ന്ന ഘടകങ്ങളുടെ സമ്മേളനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ ലോക്കല്‍ കമ്മിറ്റികള്‍പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ച് തഴയപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തര്‍ ജില്ലാ കമ്മിറ്റികള്‍ക്കു പരാതി അയച്ചിട്ടുണ്ട്. മിക്ക ലോക്കല്‍ സമ്മേളനങ്ങളിലും സിഐടിയുവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ തഴയുന്ന സ്ഥിതിയാണുള്ളതെന്നാണ് പൊതുവേ ഉയര്‍ന്നുവന്ന പരാതി. ഏരിയാ സമ്മേളനം അടുത്തമാസം ചേരാനിരിക്കെ ഏരിയാ കമ്മിറ്റിയംഗങ്ങളെയും സെക്രട്ടറിയേയും ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാനുള്ള നീക്കമാണ് ഔദ്യോഗിക നേതൃത്വം നടത്തുന്നതെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it