സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; വിഎസിന്റെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയ്ക്കുവന്നില്ല

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയ്ക്കു വന്നില്ല. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നത്. എന്നാല്‍ ഇതുസംബന്ധിച്ച റിപോര്‍ട്ടിങോ ചര്‍ച്ചയോ ഉണ്ടായില്ലെന്നാണു സൂചന. സെക്രട്ടേറിയറ്റ് യോഗം ഇന്നും തുടരും. നാളെ സംസ്ഥാനകമ്മിറ്റിയും യോഗം ചേരും.
പൊതു രാഷ്ട്രീയ സാഹചര്യവും ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളുടെ പുരോഗതിയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ചു. അതിന്റെ ചുവടുപിടിച്ചുള്ള ചര്‍ച്ചകളാണ് സെക്രട്ടേറിയറ്റില്‍ നടന്നത്. കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തെ ഏതുരീതിയില്‍ സഹകരിപ്പിക്കണം എന്നതു സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഉചിതമായ തീരുമാനമെടുക്കാം എന്ന മറുപടിയാണ് കേന്ദ്രനേതൃത്വത്തില്‍ നിന്ന് ഉണ്ടായത്. ജില്ലാ ഘടകങ്ങളില്‍ നിന്നു ലഭിച്ച സ്ഥാനാര്‍ഥിപ്പട്ടികയെക്കുറിച്ചും സെക്രട്ടേറിയറ്റില്‍ പ്രാഥമിക ചര്‍ച്ച നടന്നു. മുന്നണിക്കു പുറത്തുള്ള കക്ഷികളുമായുള്ള ബന്ധം സംബന്ധിച്ചും ചില ഗ്രൂപ്പുകളുമായുള്ള അടവുനയം തീരുമാനിക്കാനും സംസ്ഥാന നേതൃത്വത്തെ ചുമതലപ്പെടുത്തി.
വിഎസിന്റെയും പിണറായിയുടെയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ചു കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം ഇന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി റിപോര്‍ട്ട് ചെയ്യും. അഭിപ്രായവ്യത്യാസങ്ങള്‍ക്ക് ഇടനല്‍കാതെ ഏകകണ്ഠമായി ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വം തീരുമാനമെടുക്കണമെന്ന ആഗ്രഹമാണ് അഖിലേന്ത്യാ നേതൃത്വത്തിനുള്ളത്. വിരുദ്ധാഭിപ്രായം ഉണ്ടാവുകയും അതു പുറത്തു വലിയ ചര്‍ച്ചകള്‍ക്കു കാരണമാവുകയും ചെയ്താല്‍ മുന്നണിയുടെ സാധ്യതകളെ ബാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്. വിഎസിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ എതിരഭിപ്രായം ഉണ്ടായാല്‍ത്തന്നെ പിബി നിര്‍ദേശമായി അത് അവതരിപ്പിച്ച് നടപ്പാക്കിയെടുക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. ജില്ലാ കമ്മിറ്റികള്‍ നല്‍കിയ പ്രാഥമിക സ്ഥാനാര്‍ഥിപ്പട്ടികയും ഇന്നത്തെ യോഗത്തിന്റെ പരിഗണനയ്ക്കു വരും.
Next Story

RELATED STORIES

Share it