kannur local

സിപിഎം ശക്തിപ്രകടനമായി കണ്ണൂര്‍ സിറ്റി ഫെസ്റ്റ്

കണ്ണൂര്‍: മുസ്‌ലിംകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കണ്ണൂര്‍ സിറ്റിയില്‍ സിപിഎം സംഘടിപ്പിക്കുന്ന മാപ്പിള കലാമേളയായ സിറ്റി ഫെസ്റ്റിന് തുടക്കമായി. എന്‍ അബ്ദുല്ല കള്‍ച്ചറല്‍ ഫോറവും മര്‍ഹബ സാംസ്‌കാരിക സമിതിയുമാണ് സംഘാടകര്‍. ഇന്നലെ വൈകീട്ട് അഞ്ചിന് കണ്ണൂര്‍ ചേംബര്‍ ഹാള്‍ കേന്ദ്രീകരിച്ച് ആരംഭിച്ച ഘോഷയാത്ര രാഷ്ട്രീയക്കരുത്ത് തെളിയിക്കാനുള്ള സിപിഎമ്മിന്റെ ശക്തിപ്രകടനം കൂടിയായി.
ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം പ്രകാശന്‍, എം ഷാജര്‍, എം സുരേന്ദ്രന്‍, വയക്കാടി ബാലകൃഷ്ണന്‍, അരക്കന്‍ ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ വി ഷക്കീല്‍, പി പ്രശാന്തന്‍ തുടങ്ങിയ നേതാക്കളും കണ്ണൂര്‍ ഏരിയയിലെ പ്രവര്‍ത്തകരും അണിനിരന്നു. പാര്‍ട്ടി നിയന്ത്രണത്തിനു കീഴിലുള്ള കലാസംഘങ്ങളുടെ വിവിധ പരിപാടികളും അരങ്ങേറി. ആയിക്കര മാപ്പിളബേയില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് സജ്‌ലിയും നവാസ് കാസര്‍കോടും നയിച്ച അന്തിക്ക നൈറ്റ് അരങ്ങേറി.
സിപിഎം നിയന്ത്രണത്തില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 18 മുസ്‌ലിം സാംസ്‌കാരിക സംഘടനകളിലൊന്നാണ് എന്‍ അബ്ദുല്ല കള്‍ച്ചറല്‍ ഫോറം. ഫോറത്തിന്റെ നേതൃത്വത്തില്‍ സിറ്റിയില്‍ ഏതാനും വര്‍ഷമായി നോമ്പുതുറ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും ഇത്ര വിപുലമായ കലാമേള ആദ്യമാണ്. വള്ളങ്ങളും വലകളും തിങ്ങിനിറഞ്ഞ ഹാര്‍ബറില്‍ കലാമേള നടത്താന്‍ അനുമതി നല്‍കിയതില്‍ ഒരുവിഭാഗം മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. ഫെസ്റ്റ് 10ന് സമാപിക്കും.
Next Story

RELATED STORIES

Share it