സിപിഎം വിശദീകരണയോഗം ഇന്ന് വരാപ്പുഴയില്‍

കൊച്ചി: വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതെ മുഖ്യമന്ത്രി മടങ്ങിയതിനെതിരേ ആക്ഷേപം ശക്തമാവുന്നതിനിടയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് വരാപ്പുഴയില്‍ വിശദീകരണ യോഗം നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന വിവരമാണു ലഭിക്കുന്നത്. എന്നാല്‍, അദ്ദേഹം ശ്രീജിത്തിന്റെ വീട്ടില്‍ പോവുമോയെന്നതു സംബന്ധിച്ച് വ്യക്തതയില്ല. ശ്രീജിത്തിന്റെ മരണത്തെക്കാളുപരി പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ച വരാപ്പുഴ ദേവസ്വംപാടം സ്വദേശിയും സിപിഎം അനുഭാവിയുമായ വാസുദേവന്റെ വീടാക്രമണവും തുടര്‍ന്ന് വാസുദേവന്‍ ആത്മഹത്യ ചെയ്തതുമായ സംഭവത്തിനാണ് സിപിഎം പ്രാമുഖ്യം കൊടുക്കുന്നത്.
ശ്രീജിത്തിന്റെ മരണത്തില്‍ വാസുദേവന്റെ വീടാക്രമണവും ആത്മഹത്യയും പൊതുസമൂഹം ചര്‍ച്ചചെയ്തില്ലെന്നാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിപിഎമ്മും പ്രതിക്കൂട്ടിലാണ്. സിപിഎമ്മിന്റെ ജില്ലാ-പ്രാദേശിക നേതാക്കള്‍ വിഷയത്തില്‍ ഇടപെെട്ടന്നും കൊല്ലപ്പെട്ട ശ്രീജിത്തിനെതിരേ സമീപവാസിയെക്കൊണ്ട് പോലിസില്‍ നിര്‍ബന്ധിച്ച് മൊഴി നല്‍കിപ്പിച്ചെന്നും ആരോപണമുണ്ട്. ഇതെല്ലാം വിശദീകരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് വരാപ്പുഴയില്‍ വിശദീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്. വാസുദേവന്റെ വീടാക്രമണവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് അടക്കം 10 പേരെ പോലിസ് അറസ്റ്റ് ചെയ്്തത്.
ഇതില്‍ ശ്രീജിത്ത് പോലിസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റു മരിച്ചു. തുടര്‍ന്ന് കേസിന്റെ അന്വേഷണം ഏറ്റെടുത്ത ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് ഉള്‍പ്പെടെ പോലിസ് അറസ്റ്റ് ചെയ്ത 10 പേര്‍ക്കും വാസുദേവന്റെ ആത്മഹത്യയില്‍ പങ്കുള്ളതായി തെളിവില്ലെന്നു വ്യക്തമാക്കി കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശേഷിക്കുന്ന ഒമ്പതുപേര്‍ക്കും കോടതി ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ആരുടെയൊക്കയോ സമ്മര്‍ദഫലമായിട്ടാണ് കേസും തുടര്‍നടപടികളും പോലിസ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. അതേസമയം, കഴിഞ്ഞ രണ്ടുദിവസം എറണാകുളം, പറവൂര്‍, ആലുവ മേഖലയില്‍ ഉണ്ടായിട്ടും ശ്രീജിത്തിന്റെ വീട്ടില്‍ മുഖ്യമന്ത്രി പോയിരുന്നില്ല.
Next Story

RELATED STORIES

Share it