Kottayam Local

സിപിഎം വിമത സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍; സിപിഐ പുറത്ത്

എരുമേലി: സിപിഎം ഒറ്റയ്ക്ക് ഭരണം കൈയാളുന്ന എരുമേലി ഗ്രാമപ്പഞ്ചായത്തില്‍ സിപിഎം വിമതക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുന്നണിയില്‍ നിന്നു മാറി നില്‍ക്കുന്ന സിപിഐക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലൊന്നും സ്ഥാനം നല്‍കിയില്ല. കഴിഞ്ഞ ദിവസമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റികളിലേക്കു തിരഞ്ഞെടുപ്പ് നടന്നത്. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ പദവികളെല്ലാം സിപിഎം കൈയടക്കി. ധനകാര്യം വൈസ് പ്രസിഡന്റായ ഗിരിജ സഹോദേവനും വികസനകാര്യം കെ ആര്‍ അജേഷിനും, ക്ഷേമകാര്യം സിപിഎം വിമതയായി ജയിച്ച കുഞ്ഞമ്മ ടീച്ചറും, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സോജന്‍ സ്‌ക്കറിയയുമാണ്. സിപിഐക്ക് നല്‍കിയ മുട്ടപ്പള്ളി സീറ്റില്‍ സിപിഎം വിമതായായി മല്‍സരിച്ച കുഞ്ഞമ്മ ടീച്ചറിനെ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു. എന്നാല്‍ ഇരു മുന്നണികളെയും തോല്‍പിച്ച് ടീച്ചര്‍ വിജയിച്ചത് സിപിഎം നേതൃത്വത്തിന്റെ രഹസ്യ പിന്തുണയോടെയായുന്നു. 23 വാര്‍ഡുകളില്‍ 14 നേടിയ എല്‍ഡിഎഫില്‍ രണ്ടംഗങ്ങളുള്ള സിപിഐ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിട്ടു നില്‍ക്കുകയും ചെയ്തു. സിപിഐയില്‍ വനിത അംഗമില്ലാത്തിനാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാനാവില്ലെന്ന് സിപിഎം അറിയിച്ചതാണ് സിപിഐ ഭരണത്തില്‍ പങ്കാളിയാവാതെ വിട്ടുനില്‍ക്കുന്നതിലേക്കെത്തിയത്. കേരളാ കോണ്‍ഗ്രസ് സെക്യുലറിന്റെ ഒരംഗം ഒഴിച്ച് സിപിഎം വിമതയുള്‍പ്പെടെ 11 അംഗങ്ങളും സിപിഎം പ്രതിനിധികളാണെന്ന് നേതൃത്വം പറയുന്നു. എതിരില്ലാതെയാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നതെങ്കിലും ഇടതു മുന്നണിയില്‍ സിപിഎം-സിപിഐ പോര് ഇതോടെ മൂര്‍ഛിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it