ernakulam local

സിപിഎം വിമതര്‍ക്ക് പദവികള്‍ നല്‍കുന്നതിനെ എതിര്‍ത്ത് സിപിഐ പ്രാദേശിക നേതൃത്വം

കൊച്ചി: സിപിഐയില്‍ ചേക്കേറാനൊരുങ്ങുന്ന ജില്ലയിലെ വി എസ് പക്ഷക്കാരായ സിപിഎം വിമത നേതാക്കള്‍ക്ക് അധികാര സ്ഥാനങ്ങള്‍ നല്‍കുന്നതിനെതിരേ സിപിഐ പ്രാദേശിക ഘടകം. ഇതേ തുടര്‍ന്ന് സിപിഐ ജില്ലാ നേതൃത്വം തീരൂമാനം പാര്‍ടി സംസ്ഥാന കൗണ്‍സിലിനു വിട്ടു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ലോക്കല്‍ ജനറല്‍ ബോഡി യോഗത്തില്‍ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ സിപിഐ നേതാക്കള്‍ ഇതു സംബന്ധിച്ച വിയോജിപ്പ് വ്യക്തമാക്കി. സിപിഐ-സിപിഎം ബന്ധം വഷളാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് വിമത നേതാവെന്ന് സിപിഐ നേതാക്കള്‍ പറയുന്നു. വിമത നേതാവിന്റെ നേതൃത്വത്തില്‍ സിപിഐയുടെ കൊടിമരം പിഴുത സംഭവവും യോഗത്തില്‍ വിമര്‍ശകര്‍ എടുത്തുകാട്ടി.
നേരത്തെ സിപിഐയില്‍നിന്ന് തെറ്റിപ്പിരിഞ്ഞ് സിപിഎമ്മില്‍ ചേര്‍ന്നവരാണ് വിമത നേതാവിനൊപ്പം സിപിഐയില്‍ തിരിച്ചുവരാനൊരുങ്ങുന്ന മറ്റ് രണ്ടുപേര്‍. മണ്ഡലം സെക്രട്ടറിയെ തല്ലിയ സംഭവവും ഇവരോടുള്ള എതിര്‍പിന് കാരണമാണ്. ഈ മൂന്നുപേരൊഴികെ സിപിഎമ്മില്‍നിന്ന് ആരെയും സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് മണ്ഡലം നേതൃത്വത്തിന്റെ നിലപാട്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി മാത്രമാണ് ഇവര്‍ സിപിഐയിലേക്ക് വരുന്നതെന്ന് നേതാക്കള്‍ ആരോപിക്കുന്നു.
വെയര്‍ഹൗസിങ് കോര്‍പറേഷന്റെയോ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യയുടെയോ ചെയര്‍മാന്‍ സ്ഥാനമോ സിപിഐയുടെ മല്‍സ്യത്തൊഴിലാളി സംഘടനയുടെ സെക്രട്ടറി സ്ഥാനമോ ലഭിക്കാനാണ് വിമത നേതാവ് വിലപേശുന്നതത്രെ. ഗവണ്‍മെന്റ് പ്ലീഡര്‍ പദവിയാണ് മറ്റ് രണ്ടുപേരുടെ ലക്ഷ്യമെന്നും ഇവര്‍ ആരോപിക്കുന്നു. അധികാര സ്ഥാനങ്ങളില്ലാതെ സാധാരണ അംഗമായാണ് ഇവര്‍ വരുന്നതെങ്കില്‍ സ്വാഗതം ചെയ്യുന്നതായും മണ്ഡലം നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. പ്രാദേശികമായ എതിര്‍പ്പ് കൂടി കണക്കിലെടുത്ത് വിഷയം സംസ്ഥാന കൗണ്‍സിലിന് വിട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it