സിപിഎം-വയല്‍ക്കിളി സമരം: പോലിസ് കടുത്ത സമ്മര്‍ദത്തില്‍

കണ്ണൂര്‍: വയലും തണ്ണീര്‍ത്തടവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വയല്‍ക്കിളികളും, വയലിലൂടെ ദേശീയപാത ബൈപാസ് നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചതോടെ കീഴാറ്റൂരില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നു. രാഷ്ട്രീയവും പരിസ്ഥിതിപ്രശ്‌നവും കൂടിക്കുഴഞ്ഞ് കീഴാറ്റൂര്‍ വയല്‍പ്രശ്‌നം സങ്കീര്‍ണമായി.
സിപിഎമ്മിന്റെ പ്രതിരോധ സമരം ഇന്നും വയല്‍ക്കിളികളുടെ രണ്ടാംഘട്ട സമരം നാളെയും നടക്കാനിരിക്കെ ക്രമസമാധാനം നടപ്പാക്കുന്നതു സംബന്ധിച്ച് കടുത്ത സമ്മര്‍ദത്തിലാണ് പോലിസ്. കീഴാറ്റൂരില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലിസ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിനു റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയോടും വിവരങ്ങള്‍ ധരിപ്പിച്ചു.
വിവാദമായ കീഴാറ്റൂര്‍ വയലിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ ഉടനെ പുറപ്പെടുവിക്കാനും സാധ്യതയുണ്ട്. സിപിഎം കീഴാറ്റൂരില്‍ നിന്നു തളിപ്പറമ്പിലേക്കും വയല്‍ക്കിളികള്‍ തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്കുമാണ് മാര്‍ച്ച് സംഘടിപ്പിക്കുക. കേരളം കീഴാറ്റൂരിലേക്ക്’എന്ന മാര്‍ച്ചില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
അതേസമയം, വെളിയില്‍ നിന്ന് ആരെയും കീഴാറ്റൂരിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് എതിര്‍പക്ഷം. പുറത്തുനിന്നുള്ളവര്‍ കീഴാറ്റൂരില്‍ ഇടപെടേണ്ടെന്ന് സിപിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മുദ്രാവാക്യവുമായി 2500ഓളം പേര്‍ കീഴാറ്റൂര്‍ വയലില്‍ നിന്ന് തളിപ്പറമ്പിലേക്ക് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു മാര്‍ച്ച് നടത്തും. വൈകീട്ട് തളിപ്പറമ്പില്‍ പൊതുയോഗവും സംഘടിപ്പിച്ചിട്ടുണ്ട്. നേതാക്കള്‍ക്കു പുറമേ പാര്‍ട്ടി എംഎല്‍എമാരും എംപിമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും സിപിഐ ഒഴികെയുള്ള എല്‍ഡിഎഫിലെ മറ്റു ഘടകകക്ഷി നേതാക്കളും പങ്കെടുക്കും.
അക്രമസാധ്യത കണക്കിലെടുത്ത് കനത്ത ബന്തവസ് ഏര്‍പ്പെടുത്താന്‍ പോലിസ് തീരുമാനിച്ചു. ജില്ലാ പോലിസ് സൂപ്രണ്ട് ജി ശിവവിക്രം, തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സുരക്ഷാവലയം തീര്‍ക്കുക. ഇന്നത്തെ മാര്‍ച്ചിനേക്കാള്‍ വയല്‍ക്കിളികളുടെ നാളത്തെ മാര്‍ച്ചാണ് പോലിസ് ഉറ്റുനോക്കുന്നത്.
Next Story

RELATED STORIES

Share it