Kollam Local

സിപിഎം ലോക്കല്‍ സമ്മേളനത്തിനിടെ സംഘര്‍ഷം



ചാത്തന്നൂര്‍: സിപിഎം വേളമാനൂര്‍ ലോക്കല്‍ സമ്മേളനം സംഘര്‍ഷത്തിലും അടിപിടിയിലും കലാശിച്ചു. ജില്ലാ, ഏരിയാ  കമ്മിറ്റികളില്‍ നിന്നെത്തിയവര്‍ മൂന്നുതവണ സമ്മേളനം നിര്‍ത്തിവച്ചു. സഹികെട്ടപ്പോള്‍ ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെ സമ്മേളനം പിരിച്ചുവിട്ടു. ലോക്കല്‍ കമ്മിറ്റി രൂപവല്‍ക്കരിക്കാനാവാത്തതു കൊണ്ടും ഏരിയാ സമ്മേളന പ്രതിനിധികളെ നിശ്ചയിക്കാന്‍ കഴിയാത്തതു കൊണ്ടും ഏരിയാ സമ്മേളനത്തില്‍ വേളമാനൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉണ്ടാവില്ല. ചാത്തന്നൂര്‍ ലോക്കല്‍ സമ്മേളനത്തിന്റെയും സ്ഥിതി ഇതു തന്നെയാണ്. ലോക്കല്‍ സമ്മേളനത്തില്‍ ഒരു ജില്ലാ കമ്മിറ്റി നേതാവും ഏരിയാ കമ്മിറ്റി നേതാവും എല്ലാ മക്കള്‍ക്കും സഹകരണ ബാങ്കുകളില്‍ ജോലി തരപ്പെടുത്തി കൊടുത്തത് മുതല്‍ സമ്മേളന ജന പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. പ്രാദേശിക നേതാക്കളുടെ മദ്യപാനം,പോലിസ് ഭരണം, സാമൂഹിക വിരുദ്ധരെ സംരക്ഷിക്കല്‍,പോലിസിനെ സ്വാധീനിച്ച് കള്ളക്കേസില്‍ ഉള്‍പ്പെടുത്തലും അറസ്റ്റ് ചെയ്യിക്കലും തുടങ്ങി നിരവധി വിഷയങ്ങള്‍ ബ്രാഞ്ചുകളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ഉന്നയിച്ചപ്പോള്‍ നേതൃത്വത്തിന് ഉത്തരംമുട്ടി. എങ്ങനെയും സമ്മേളനം അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലായി നേതൃത്വം. ലോക്കല്‍ സമ്മേളനം നടക്കുമ്പോള്‍ തന്നെ നിലവിലുള്ള ലോക്കല്‍ കമ്മിറ്റി അംഗങ്ങളുടെ യോഗം സമ്മേളന സ്ഥലത്തിന് പുറത്ത് മൂന്ന് തവണ ചേര്‍ന്നു.ഈ സമയം സമ്മേളന ഹാളില്‍ പ്രതിനിധികള്‍ തമ്മില്‍ രൂക്ഷമായ വാക്ക് പോരും പിടിച്ചു തള്ളലും കൈയാങ്കളിയും വരെയെത്തി. ഈ സമയത്ത് സമ്മേളനം നിര്‍ത്തി വയ്ക്കാന്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നെത്തിയവര്‍ പ്രേരിതരായി. സമ്മേളനം ബഹളത്തെ തുടര്‍ന്ന് പലവട്ടം നിര്‍ത്തിവെച്ചു. മൂന്നു തവണ രഹസ്യമായി ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമാണ് ഏരിയാ, ജില്ലാ നേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരം ലോക്കല്‍ കമ്മിറ്റിയിലേയ്ക്കുള്ള പാനല്‍ അവതരിപ്പിച്ചത്. 16 ബ്രാഞ്ചുകളില്‍ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്. കോടക്കയം ബ്രാഞ്ച് സമ്മേളനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഈ ബ്രാഞ്ചില്‍ നിന്നും ലോക്കല്‍ സമ്മേളനത്തിന് പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. ഉപരികമ്മിറ്റിയുടെ താല്‍പ്പര്യ പ്രകാരമാണ് ലോക്കല്‍ കമ്മിറ്റി പാനല്‍ അവതരിപ്പിച്ചത്. നിലവിലുള്ള 13 അംഗ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും രണ്ടു പേരെ ഒഴിവാക്കിയാണ് പുതിയ പാനല്‍ അവതരിപ്പിച്ചത്. ഈ പാനലിനെതിരേ മുന്‍ എന്‍ജിഒ യൂനിയന്‍ നേതാവ് ശിശുപാലന്‍,ബ്രാഞ്ച് സെക്രട്ടറിമാരായ വിജയന്‍ പിള്ള, അജയകുമാര്‍, മോഹനന്‍ പിള്ള തുടങ്ങിയവര്‍ മല്‍സരിക്കാന്‍ സന്നദ്ധരായി. മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ നേതൃത്വം ഇവരോട് ആവശ്യപ്പെട്ടെങ്കിലും ആരും അതിന് വഴങ്ങിയില്ല. ഇതോടെ വാക് പോരും, അസഭ്യവര്‍ഷവും കൈയ്യാങ്കളിയും തുടങ്ങി. സഹികെട്ട് നേതൃത്വം സമ്മേളനം പിരിച്ചു വിടുകയായിരുന്നു. പ്രാദേശിക നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും കൈയാങ്കളിയില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it