kannur local

സിപിഎം-ലീഗ് സംഘര്‍ഷം: 20 പേര്‍ക്കെതിരേ കേസ്

ചൊക്ലി: മുക്കിലപ്പീടികയിലെ സിപിഎം-മുസ്‌ലിം ലീഗ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ചൊക്ലി പോലിസ് കേസെടുത്തു. ഇതില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ആനക്കെട്ടിയതില്‍ ഷമ്മാസ്, വളപ്പില്‍ റംഷാദ് എന്നിവരാണ് കസ്റ്റഡിയിലായത്. സിപിഎം പെരിങ്ങളം ലോക്കല്‍ കമ്മിറ്റി ഓഫിസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരം തകര്‍ത്തതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 20 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണു കേസ്. ബുധനാഴ്ച രാത്രിയാണു സംഭവം. കഴിഞ്ഞ നവംബര്‍ എട്ടിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പി കൃഷ്ണപിള്ള സ്മാരകത്തിന്റെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ക്കുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തു. മുസ്‌ലിം ലീഗുകാരാണ് അക്രമത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ കൊച്ചിയങ്ങാടിയിലെ മുഹമ്മദ് നിഷാം (24), ചാമ്പ്രമ്പത്ത് ആഷിര്‍ (23), ഷാഫി (24), റയീസ് (22), സുബൈര്‍ (20) എന്നിവര്‍ക്ക് മര്‍ദനമേറ്റിരുന്നു. ഇതിനു പിന്നാലെയാണ് അക്രമം നടന്നത്. തുടര്‍ന്ന് മുസ്‌ലിം ലീഗിന്റെ രണ്ട് ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ലീഗ് മണ്ഡലം കമ്മിറ്റി ഓഫിസായ സിഎച്ച് മുഹമ്മദ് കോയ സ്മാരക മന്ദിരം, ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ എന്നിവയ്ക്കുനേരെയാണ് അക്രമം. ജനല്‍ചില്ലുകളും ഫര്‍ണിച്ചറുകളും തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ ചെമ്പ്രമ്പത്ത് ആഷിറിന്റെ വീടിനുനേരെ ഇന്നലെ പുലര്‍ച്ചെ ബോംബേറുണ്ടായി. ഗ്രില്‍സില്‍ തട്ടി ബോംബ് നിലത്തുവീഴുകയായിരുന്നു. ഗ്രാനൈറ്റ് ചിതറിത്തെറിക്കുകയും ജനല്‍ചില്ലുകള്‍ തകരുകയും ചെയ്തു. മുസ്‌ലിം ലീഗ് അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്നലെ പെരിങ്ങളം പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താലാചരിച്ചു. പ്രദേശത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. അതിനിടെ, മുസ്‌ലിം ലീഗ് സംസ്ഥാന വൈ. പ്രസി. വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, യൂത്ത് ലീഗ് സംസ്ഥാന ജന.  സെക്ര. പി കെ ഫിറോസ്, എംഎസ്എഫ് സംസ്ഥാന പ്രസി. മിസ്ഹബ് കീഴരിയൂര്‍, നജീബ് കാന്തപുരം, പി കുഞ്ഞുമുഹമ്മദ്, വി പി വമ്പന്‍, വി വി മുഹമ്മദലി, പൊട്ടങ്കണ്ടി അബ്ദുല്ല തുടങ്ങിയ നേതാക്കള്‍ പരിക്കേറ്റ ലീഗ് പ്രവര്‍ത്തകരെയും സംഘര്‍ഷബാധിത പ്രദേശങ്ങളും സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it