malappuram local

സിപിഎം രണ്ടുതട്ടില്‍



എടപ്പാള്‍: തവനൂര്‍ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയ പട്ടികജാതി പിജി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണത്തിലുണ്ടായ ക്രമക്കേടില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായം. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട എട്ട് വിദ്യാര്‍ഥികള്‍ക്കാണ് ലാപ് ടോപ്പ് വിതരണം ചെയ്തത്. എന്നാല്‍ പഞ്ചായത്ത് ഈ ആവശ്യത്തിനായി 10 ലാപ്‌ടോപ്പുകള്‍ വാങ്ങിയെന്നും ഇതില്‍ രണ്ടെണ്ണം പൊതുചടങ്ങില്‍ വച്ചല്ലാതെ ചില ഗ്രാമപ്പഞ്ചായത്തംഗങ്ങള്‍ സ്വകാര്യമായി ചിലര്‍ക്കു കൈമാറിയെന്നുമാണ് ആരോപണം. വിവാദം ഉയര്‍ന്നതോടെ കഴിഞ്ഞ ദിവസം പ്രതിഷേധവുമായിരംഗത്തുവന്ന പട്ടികജാതി ക്ഷേമസമിതി പ്രവര്‍ത്തകര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ പി സുബ്രഹ്്മണ്യന്റെ മുറിയില്‍കടന്ന് പ്രസിഡന്റിനെ മുറിക്കുള്ളില്‍ അടച്ചിട്ടു. ലാപ്‌ടോപ്പ് വിതരണത്തില്‍ നടന്നക്രമക്കേട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഒന്നരമണിക്കൂര്‍ നേരം സമരം തുടര്‍ന്നശേഷം പിന്നീട് കുറ്റിപ്പുറം പോലിസെത്തി സമരക്കാരോടും പ്രസിഡന്റിനോടും ചര്‍ച്ച ചെയ്താണ് താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചത്. സിപിഎം ഭരിക്കുന്ന തവനൂരില്‍ ഇടത്-വലത് മുന്നണികളെ പരാജയപ്പെടുത്തിക്കൊണ്ട് കൂരട വാര്‍ഡില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചയാളാണ് സുബ്രഹ്്മണ്യന്‍. ആദ്യം യുഡിഎഫ് മുന്നണിക്കു പിന്തുണ നല്‍കി യുഡിഎഫിന്റെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് ഭരണം. എന്നാല്‍ ഒരുവര്‍ഷത്തിനുശേഷം സുബ്രഹ്്മണ്യന്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിക്കുകയും എല്‍ഡിഎഫിനു പിന്തുണ നല്‍കുകയുമായിരുന്നു. ഒരംഗത്തിന്റെ ഭൂരിപക്ഷ പിന്തുണ മാത്രമാണിപ്പോള്‍ എല്‍ഡിഎഫ് ഭരണസമിതിക്കുള്ളത്. അതിനിടെ സുബ്രഹ്്മണ്യന്റെ പിന്തുണയോടെ തന്നെ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റി പകരം സിപിഎം പ്രതിനിധിയായി വിജയിച്ച പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗത്തെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കു അവരോധിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തിയെങ്കിലും സുബ്രഹ്്മണ്യന്‍ സ്ഥാനം രാജിവച്ചൊഴിയാന്‍ തയ്യാറായില്ല. ഇതോടെയാണ് സുബ്രഹ്്മണ്യനെതിരേ സിപിഎമ്മിലെ ഒരുവിഭാഗം രംഗത്തുവന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ലാപ്‌ടോപ്പ് വിതരണത്തിലെ ക്രമക്കെടെന്നാണ് ആരോപണം.
Next Story

RELATED STORIES

Share it