thiruvananthapuram local

സിപിഎം യുവനേതാവിന് ബിജെപിയുമായി വഴിവിട്ട ബന്ധം; പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നു

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാറശ്ശാല നിയോജകമണ്ഡലത്തിലെ സിപിഎം യുവനേതാവിന്റെ ബിജെപിയുമായുള്ള വഴിവിട്ട ബന്ധം പാര്‍ട്ടിനേതൃത്വത്തെ അങ്കലാപ്പിലാഴ്ത്തുന്നു.
എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ നേതാവിനാണ് ബിജെപി നേതൃത്വവുമായി ബാന്ധവമുള്ളത്. സിപിഎം ഉരുക്കുകോട്ടയെന്നറിയപ്പെടുന്നതും എന്നാല്‍ ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം നടത്തിയതുമായ കൊല്ലയില്‍ പഞ്ചായത്തിലെ ഒരു ബിജെപി നേതാവുമായി യുവനേതാവിന് വഴിവിട്ട ബന്ധമുണ്ടെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമായിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇത് അണികള്‍ക്കിടയില്‍ അമര്‍ഷത്തിന് വഴിവച്ചിരിക്കുകയാണ്.
ധനുവച്ചപുരം ഐടിഐ, വിടിഎം എന്‍എസ്എസ് കോളജുകളില്‍ നടന്ന സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ കൊലപാതകത്തില്‍ യുവനേതാവ് നടത്തിയ ചില ഇടപെടലുകള്‍ പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുന്നു. ഐടിഐ വിദ്യാര്‍ഥി സജിന്‍ ഷാഹുലിന്റെ കൊലപാതക കേസില്‍ യുവനേതാവ് നടത്തിയ ഇടപെടലുകള്‍ കേസിന്റെ നിലനില്‍പിനെത്തന്നെ ചോദ്യം ചെയ്യുകയാണ്. അണികള്‍ കൊഴിഞ്ഞുപോവാതെ പിടിച്ചുനിര്‍ത്താനാണ് സംസ്ഥാന നേതൃത്വം ശ്രമിച്ചതെങ്കില്‍ യുവനേതാവിന്റെ ഇടപെടലുകള്‍ മൂലം കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു.
കൊല്ലയില്‍ പഞ്ചായത്തിലെ ഒരു ബിജെപി അംഗത്തിന്റെ അനുജന്‍ ആദ്യഘട്ടത്തില്‍ കൊലപാതക കേസിലെ പ്രതിയായിരുന്നെങ്കിലും അദ്ദേഹത്തെ ഒഴിവാക്കി മറ്റൊരാളെ ആ സ്ഥാനത്തു കയറ്റുകയാണ് വിവാദ നേതാവ് ചെയ്തത്.
എന്നാല്‍, ഫോറസ്റ്റ് ജീവനക്കാരനായ ഇദ്ദേഹം അന്ന് ഡ്യൂട്ടിയിലിരുന്നുവെന്ന് കാണിച്ചും കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചും ബിജെപി നേതൃത്വം കോടതിയെ സമീപിച്ചിരിക്കുകയാണ്. ബിജെപി നേതാവുമായി ഇയാള്‍ കഴിഞ്ഞ ഡിസംബറില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പോയതും അവിടെ പൂമൂടല്‍ നടത്തിയതും വിവാദമായിരുന്നു.
ഇക്കഴിഞ്ഞ ജനുവരിയിലും ബിജെപി നേതാവും മറ്റൊരു സുഹൃത്തുമായി യുവനേതാവ് തൃശൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയതിനെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ പോയതിനെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ വിവാദമായിരുന്നു. ഫെബ്രുവരി 18, 19, 20 തിയ്യതികളില്‍ യുവനേതാവും കൊല്ലയില്‍ പഞ്ചായത്തിലെ ബിജെപി അംഗവും കന്നുമാമൂട്ടിലെ ഒരു വ്യാപാരിയുമായി സുഖവാസകേന്ദ്രമായ കൊടൈക്കനാലിലേക്കു നടത്തിയ യാത്രയും വിവാദമായിരിക്കുകയാണ്.
യാത്രകളുടെ വിവരങ്ങളും കേസിലെ ഇടപെടലുകളെക്കുറിച്ചും പാര്‍ട്ടിനേതൃത്വം അന്വേഷണം നടത്തി യുവനേതാവിനെതിരേ നടപടി സ്വീകരിക്കണമെന്ന ആവശ്യം അണികളില്‍ ശക്തമാണ്.
Next Story

RELATED STORIES

Share it