സിപിഎം മന്ത്രിമാര്‍ക്ക് പാര്‍ട്ടി പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: സിപിഎം മന്ത്രിമാര്‍ക്കു പാര്‍ട്ടി സംസ്ഥാനസമിതി പെരുമാറ്റച്ചട്ടം നിശ്ചയിച്ചു. കാര്യങ്ങള്‍ പഠിക്കാതെ പ്രസ്താവനകള്‍ നടത്തരുതെന്നും അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. ജനങ്ങളുടെ നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രിമാരുടെ ഓഫിസുകളില്‍ സംവിധാനം ഏര്‍പ്പെടുത്തണം.
സന്ദര്‍ശകസമയം മറ്റു ജോലികള്‍ക്കായി ചെലവിടരുത്. പേഴ്‌സനല്‍ സ്റ്റാഫിനോട് മാന്യമായ സമീപനം മന്ത്രിമാര്‍ പുലര്‍ത്തണമെന്നും സമിതി നിര്‍ദേശിച്ചു.
അടുത്തിടെ മന്ത്രിമാര്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമുണ്ടാക്കിയ പശ്ചാത്തലത്തിലാണു സംസ്ഥാനസമിതി പെരുമാറ്റച്ചട്ടം കൊണ്ടുവന്നത്. തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ്, പാലക്കാട്, പൂഞ്ഞാര്‍ മണ്ഡലങ്ങളിലുണ്ടായ തോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിച്ചു. മണ്ഡലങ്ങളുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണു അന്വേഷിക്കുക. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചയ്ക്കിടെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അന്വേഷണ തീരുമാനം അറിയിച്ചത്. വട്ടിയൂര്‍ക്കാവിലെ തോല്‍വിയെക്കുറിച്ച് കെ ജെ തോമസ് അന്വേഷിക്കും. പൂഞ്ഞാറിലെ അന്വേഷണച്ചുമതല ബേബി ജോണിനാണ്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പാലക്കാട്ടെ പരാജയം പരിശോധിക്കും. മൂന്നു മണ്ഡലങ്ങളിലും സംഘടനാ ദൗര്‍ബല്യങ്ങളും വോട്ടുചോര്‍ച്ചയും തോല്‍വിക്കു കാരണമായെന്നാണു വിലയിരുത്തല്‍.
വട്ടിയൂര്‍ക്കാവിലെ തോല്‍വിയില്‍ അസ്വാഭാവികതയില്ലെന്നും പ്രത്യേക പരിശോധനയുടെ ആവശ്യമില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ സംസ്ഥാന സമിതിയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ വാദം തള്ളിയ കോടിയേരി ബാലകൃഷ്ണന്‍ അവിടെ സംഘാടനപ്പിഴവുകളുണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി.
അതേസമയം, കുറ്റിയാടി, കോന്നി മണ്ഡലങ്ങളിലെ തോല്‍വികള്‍ അതാതു ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്ററായി അസോഷ്യേറ്റഡ് എഡിറ്റര്‍ പി എം മനോജിനെ നിയമിക്കാനും സംസ്ഥാനസമിതി തീരുമാനിച്ചു. റസിഡന്റ് എഡിറ്ററായിരുന്ന പ്രഭാവര്‍മ മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായ ഒഴിവിലേക്കാണു പുതിയ നിയമനം.
Next Story

RELATED STORIES

Share it