Pathanamthitta local

സിപിഎം ഭരണത്തില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ തീവ്രവാദികള്‍ : പി സി ജോര്‍ജ്



പത്തനംതിട്ട: സിപിഎം ഭരണത്തില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവര്‍ തീവ്രവാദികളായി മാറുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ചെങ്ങറ സമരക്കാരെ തീവ്രവാദികളാക്കാന്‍ സിപിഎം ശ്രമിക്കുന്നതിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യങ്കാളി ഈ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തേയും ഇവര്‍ തീവ്രവാദിയാക്കിയേനേ. ശരി പറയുന്നവശര തീവ്രവാദിയാക്കുന്ന കാലമാണിത്. എഴുനൂറോളം ആളുകളെ ക്രൂരമായി കൊന്ന സിപിഎമ്മിനെ തീവ്രവാദികളായി വിളിക്കേണ്ടിവരും. ചെങ്ങറയിലെ സമരക്കാരെ നേരത്തെ അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍ സഹായിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അദ്ദേഹവും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചില്ല. ഈ സാഹചര്യത്തില്‍ യോജിച്ച പോരാട്ടത്തിനായി കേരളത്തില്‍ ഒരു നാലാം മുന്നണി രൂപവല്‍ക്കരിക്കുന്നതിനുള്ള ശ്രമം നടത്തുകയാണ്. നാലാം മുന്നണി തീരുമാനിക്കുന്നതാവും ഇനി നടപ്പാവുക. ഇതിനായുള്ള പ്രാരംഭ ചര്‍ച്ചകള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഭരണകൂട ഭീകരതയാണ് രാജ്യത്ത് നടക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി 60 വര്‍ഷം ഭരിച്ച കേരളത്തില്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ഒന്നും ലഭിച്ചില്ല. ഭൂരഹിതരുടെ എണ്ണം വര്‍ധിച്ചതേയുള്ളൂ. ചെങ്ങറയിലെ സര്‍ക്കാര്‍ ഭൂമി ഹാരിസന് പാട്ടത്തിന് കൊടുത്തതാണ്. മിനിമം രണ്ട് ഏക്കര്‍ എങ്കിലും കിട്ടാതെ സമരക്കാര്‍ അവിടെ നിന്നും പിന്‍മാറരുത്. രണ്ട് ഏക്കര്‍ ഭൂമി വീതം ഓരോരുത്തരും കൈയേറി അത് അളന്ന് തിരിച്ചെടുക്കണം. ഇതുമായി ബന്ധപ്പെട്ട് ആരും ഒരിഞ്ചുപോലും പിറകോട്ട് പോകാന്‍ പാടില്ല. ശത്രു പ്രബലനാണെന്ന് ഓര്‍ക്കണമെന്നും നാം വിഘടിച്ച് നില്‍ക്കാനും പാടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. ചെങ്ങറ ഭൂസമര സമിതി കണ്‍വീനര്‍ ടി ആര്‍ ശശി അധ്യക്ഷതവഹിച്ചു. ഡിഎച്ച്ആര്‍എം സംസ്ഥാന ചെയര്‍പേഴ്‌സന്‍ സെലീന പ്രക്കാനം, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം കാഞ്ഞിരപ്പള്ളി, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം, സജി കൊല്ലം, രാഘവന്‍ തോന്ന്യാമല, കമലമ്മാള്‍, സാമുവല്‍ കൊട്ടാരക്കര, എം സി വേലായുധന്‍, ഗ്രേഷ്മ, കെ കെ സുരേഷ്, കെ ബി മനോജ്കുമാര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി കലക്ടറേറ്റ് പടിക്കല്‍ നിന്നും ആരംഭിച്ച മാര്‍ത്ത് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പെങ്കടുത്തു.
Next Story

RELATED STORIES

Share it