Editorial

സിപിഎം ബ്രാന്‍ഡ് ഇസ്‌ലാമിക ബാങ്കിങ്

ഹലാല്‍ ഫായിദ എന്ന പേരില്‍ കണ്ണൂരില്‍ പലിശരഹിത ബാങ്കിങ് സമ്പ്രദായത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് സിപിഎം. പലിശയില്‍ അധിഷ്ഠിതമായ ബാങ്കിങ് സമ്പ്രദായത്തിന് ബദല്‍ എന്ന നിലയില്‍ മൂല്യകേന്ദ്രീകൃതമായ ഓഹരികളില്‍ (ഇക്വിറ്റി) അധിഷ്ഠിതമായ ബാങ്കിങ് എന്നത് ആഗോള സാമ്പത്തിക വിപണിയില്‍ സജീവമായി നിലനില്‍ക്കുന്ന ഒരാശയമാണ്. ഇസ്‌ലാമിക് ബാങ്കിങിന് ഈ സമ്പ്രദായത്തോടാണ് അടുപ്പം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും ഇസ്‌ലാമിക് ബാങ്കിങ് പരീക്ഷിച്ചുനോക്കാന്‍ താല്‍പര്യപ്പെട്ടത് പുതിയ സാമ്പത്തികക്രമത്തില്‍, അതിന്റെ പ്രയോഗസാധ്യത കണക്കിലെടുത്തുകൊണ്ടാണ്. പക്ഷേ, ഇസ്‌ലാമികം എന്ന പദം വന്നുപെട്ടതുകൊണ്ടാവണം, ഈ ആശയം കടുത്ത എതിര്‍പ്പുകള്‍ നേരിടുകയും ഒടുവില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
പലിശയെ ഇസ്‌ലാം എതിര്‍ക്കുന്നതിനാല്‍ പലിശാധിഷ്ഠിത ബാങ്കിങ് സമ്പ്രദായത്തില്‍ നിന്നു വിട്ടുനില്‍ക്കാനാണ് സാമാന്യേന മുസ്‌ലിംകള്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ തന്നെ പല പലിശരഹിത സംരംഭങ്ങളും മുസ്‌ലിംകള്‍ നടത്തുന്നുമുണ്ട്. അവയൊന്നും വിവാദങ്ങള്‍ വരുത്തിവച്ചിട്ടുമില്ല. എന്നാല്‍, സിപിഎം ഹലാല്‍ ഫായിദയുമായി രംഗത്തുവരുമ്പോള്‍ മുസ്‌ലിംലീഗ് അടക്കം അതിനെ എതിര്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്. രാഷ്ട്രീയതന്ത്രമെന്ന നിലയിലാണ് സിപിഎം ഈ സംരംഭത്തിനു മുന്നിട്ടിറങ്ങിയത് എന്നതിനാല്‍ എതിര്‍പ്പിനും രാഷ്ട്രീയമുഖമുണ്ടാവുന്നത് സ്വാഭാവികം മാത്രം. മുസ്‌ലിം ന്യൂനപക്ഷത്തെ തങ്ങളോടൊപ്പം നിലനിര്‍ത്തുക എന്നതു മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യം. അതിനാല്‍ ഹലാല്‍ ഫായിദ ഇസ്‌ലാമിക മൂല്യങ്ങളുമായി എത്രത്തോളം പൊരുത്തപ്പെട്ടുപോവും എന്ന കാര്യത്തില്‍ ഒരു ഉറപ്പും പറയാനാവില്ല. പ്രായോഗികമായി ഈ സംരംഭം എത്രമാത്രം വിജയിക്കുമെന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഉദ്ഘാടന പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎമ്മിന്റെ പുതിയ നീക്കത്തിന് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കിടയില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലപ്പുറം യാതൊരു സ്ഥാനവും നല്‍കേണ്ടതില്ല. എന്നാല്‍, താത്വികമായ പലിശരഹിത സാമ്പത്തിക ഘടനയെന്ന ആശയത്തോടു യോജിപ്പില്ലാത്തവര്‍ അതു കൈകാര്യം ചെയ്യുമ്പോഴുണ്ടാവുന്ന അപകടങ്ങള്‍ നാം മുന്‍കൂട്ടിക്കാണുക തന്നെ വേണം.
മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൈക്കൊള്ളുന്ന നയങ്ങള്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് സിപിഎം ഇമ്മാതിരി ജനപ്രിയ ഇടപാടുകളിലേക്കു തിരിയുന്നത്. കണ്ണൂരില്‍ തന്നെ ഹിന്ദുസമൂഹത്തെ പാട്ടിലാക്കാനാണ് ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് സിപിഎം ബാനറില്‍ ശോഭായാത്രകള്‍ ഉണ്ടായത്. താല്‍ക്കാലികമായി രാഷ്ട്രീയനേട്ടമുണ്ടായേക്കാമെങ്കിലും ഹലാല്‍ ഫായിദയും ചുവപ്പന്‍ ശോഭായാത്രയും പോലെയുള്ള തന്ത്രങ്ങള്‍ അന്തസ്സുറ്റ രാഷ്ട്രീയ നടപടികളല്ല. മതകര്‍മങ്ങളും അനുഷ്ഠാനങ്ങളും പ്രയോഗ പദ്ധതികളും അതതു മതക്കാര്‍ക്കു വിട്ടുകൊടുക്കുകയാണ് മതേതര പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഭൂഷണം.
Next Story

RELATED STORIES

Share it