kozhikode local

സിപിഎം- ബിജെപി സംഘര്‍ഷം:11 വീടുകള്‍ക്ക് നേരെ ആക്രമണം

കൊയിലാണ്ടി: സിപിഎം-ബിജെപി സംഘട്ടനത്തിന്റെ തുടര്‍ച്ചയായി 11 വീടുകള്‍ക്ക് നേരെ ആക്രമണം. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ പന്തലായനിയുടെ വീട് കുത്തിത്തുറന്ന് വീട്ടുപകരണങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. ഇന്നലെ പുലര്‍ച്ചെയാണ് ഇരുപക്ഷവും സായുധരായി സംഘം ചേര്‍ന്ന് വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. ബിജെപി പ്രവര്‍ത്തകരായ പാഞ്ഞാട്ട് താഴെ ചന്ദ്രന്‍, മുചുകുന്ന് ആലാട്ട് സുരേന്ദ്രന്‍, മറുവട്ടം അജിത്കുമാര്‍, വിയ്യൂര്‍ അഭിലാഷ്, വിയ്യൂര്‍ അളല്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. മറുപക്ഷത്ത് സിപിഎം പ്രവര്‍ത്തകരായ വി കെ ശിവദാസ്, ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗം രമീഷ്, അട്ടവയല്‍ നാഗത്ത് ബാലന്‍, ആലി പുറത്ത് ശ്രീപുത്രന്‍ കണ്ടോത്ത് രജീഷ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്. കണ്ടോത്ത് വീട്ടില്‍ രജീഷിനും അക്രമത്തില്‍ പരിക്കേറ്റു. കഴിഞ്ഞ 9ന് ബജ്‌റഗ്ദള്‍ പ്രവര്‍ത്തകനായ മന്ദമംഗലം കണിയാങ്കുളത്തില്‍ അശ്വന്റെ വീടിനു നേരെയും ബജ്‌റംഗ്ദള്‍ സഹ സംയോജക് ആയ ബില്‍ജിത്തിന്റെ വീടിനു നേരെയും അക്രമം നടന്നിരുന്നു. ഇതിന്റെ മറുപടിയായി പുളിയഞ്ചേരിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാലയിലേക്ക് ആര്‍എസ്എസ് കാര്‍ നടത്തിയ അക്രമത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഇതിനോടനുബന്ധിച്ചാണ് ഇന്നലെ നടന്ന വീടാക്രമണങ്ങള്‍. അക്രമങ്ങള്‍ നടന്ന പ്രദേശങ്ങള്‍ പോലിസിന്റെ നിരീക്ഷണത്തിലാണ്.
Next Story

RELATED STORIES

Share it