thiruvananthapuram local

സിപിഎം ബിജെപി പോരു മുറുകുന്നു : ബിജെപി കൗണ്‍സിലറിനെതിരെ വിജിലന്‍സ് അന്വേഷണം വേണം : സിപിഎം



തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍മാര്‍ തിരുവനന്തപുരം നഗരസഭയെ അഴിമതിയില്‍ മുക്കാന്‍ ശ്രമിക്കുന്നൂവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. നികുതി-അപ്പീല്‍കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായ ബിജെപി കൗണ്‍സിലര്‍ സിമി ജ്യോതിഷ് ഒരു സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിന് നികുതി കുറച്ചു നല്‍കിയത് വഴി അഞ്ച് കോടിയിലധികം രൂപയുടെ അഴിമതിയാണ് നടത്തിയിരിക്കുന്നത്. ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ചെയര്‍പേഴ്‌സണ്‍ സിമി ജ്യോതിഷ് രാജിവെക്കുക, നികുതി കുറച്ചു നല്‍കിയ നടപടി വിജിലന്‍സ് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുമുന്നണി ജില്ലാ കമ്മിറ്റി കോര്‍പറേഷന്‍ ഓഫീസിനു മുന്നിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആനാവൂര്‍ നാഗപ്പന്‍. ബിജെപി ചെയര്‍പേഴ്‌സന്റെ അഴിമതി ചോദ്യം ചെയ്തതിന് ശേഷമാണ് കൗണ്‍സില്‍ നടപടികള്‍ തടസപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നത്. കോര്‍പറേഷന്‍ മേയറും സെക്രട്ടറിയും അറിയാതെയാണു ചെയര്‍പേഴ്‌സണ്‍ സ്വകാര്യ സ്ഥാപനത്തിന് അനധികൃതമായ നികുതി കുറച്ചു നല്‍കിയത്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ചെയര്‍പേഴ്‌സണ് അധികാരമില്ല. എന്നാല്‍ മേയറും സെക്രട്ടറിയും അറിയാതെ ഇങ്ങനെയൊരു തീരുമാനം ചെയര്‍പേഴ്‌സണ്‍ എടുത്തതിനു പിന്നില്‍ അഴിമതിയുണ്ടെന്നും നികുതി-അപ്പീല്‍കാര്യ കമ്മിറ്റിയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ എല്ലാ തീരുമാനങ്ങളും വിജിലന്‍സ് അന്വേഷിക്കണമെന്നും ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: ജി ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. പാളയം ആശാന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച മാര്‍ച്ചിന് വി ശിവന്‍കുട്ടി, സി ജയന്‍ബാബു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it