kannur local

സിപിഎം പ്രവര്‍ത്തകന്‍ സുധീര്‍കുമാര്‍ കൊല്ലപ്പെട്ട കേസ്‌ : ആഭ്യന്തര വകുപ്പ് വിശദീകരണം തേടി



തലശ്ശേരി: എരഞ്ഞോളി കുടക്കളത്തെ സിപിഎം പ്രവര്‍ത്തകന്‍ മൂന്നാംകണ്ടി വീട്ടില്‍ കെ എം സുധീര്‍കുമാര്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണക്കിടെയാണ് കണ്ടെടുത്ത കൈപ്പത്തി സുധീറിന്റേതല്ലെന്ന ഫോറന്‍സിക് ഫലത്തെ കുറിച്ച് ആഭ്യന്തര വകുപ്പ് വിശദീകരണം തേടി. ജില്ലാ പോലിസ് ചീഫ് വഴി വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ബി പി ശശീന്ദ്രന്‍. ഫോറന്‍സിക് ലാബില്‍ നിന്ന് ലഭിച്ച റിപോര്‍ട്ട് അതേപടി സമര്‍പ്പിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത്. കൊലപാതകത്തിന് ശേഷം ഒരു വര്‍ഷത്തിനിടെ കൈപ്പത്തിയുടെ പരിശോധനാ ഫലം ലഭിച്ചെങ്കിലും ഇത് പരിശോധിക്കാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തോടൊപ്പം നല്‍കിയത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തപ്പെടുന്നു. സംഭവത്തെക്കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. 2007 നവംബര്‍ കൊളശ്ശേരി കാവുംഭാഗം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്താണ് ഡ്രൈവറായ സുധീറിനെ കണ്ണൂര്‍ ചിന്‍മയ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി വരുന്നതിനിടെ കാര്‍ തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. അക്രമികളെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുധീറിനെ സമീപത്തെ പറമ്പില്‍ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സുധീറിന്റെ ഒരു കൈപ്പത്തി വെട്ടിമാറ്റിയിരുന്നു. ഇതാണ് പിന്നീട് സംഭവത്തിന്റെ പിറ്റേന്ന് പോലിസ് സമീപത്തെ വീട്ടുപറമ്പില്‍ നിന്നു കണ്ടെടുത്തത്. ഈ കൈപ്പത്തി മാത്രം പിന്നീട് പ്രത്യേകമായി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി തിരുവന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ നിട്ടൂര്‍ ഇടത്തിലമ്പലത്തിലെ ബോബി എന്ന നിഥിന്‍ മോഹന്‍, ടി സാജു, ടി എം ഷിജില്‍, ജിതേഷ്‌കുമാര്‍, വിനീഷ് എന്ന കുഞ്ഞുകുട്ടന്‍, ദീപ്‌തേഷ്, ജിതിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കൊല്ലപ്പെട്ട സുധീറിന്റെ കാറില്‍ സംഭവ സമയമുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കേസില്‍ ആകെ 58 സാക്ഷികളാണുള്ളത്.
Next Story

RELATED STORIES

Share it