സിപിഎം പ്രതിസന്ധിയുടെ ആഴം വെളിവാക്കി അതിവേഗ നടപടി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ് പി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ സിപിഎം നേരിട്ട പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്നതാണ് പാര്‍ട്ടിയുടെ അച്ചടക്കനടപടി. കേസില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ബന്ധമുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നു നേരത്തേ ജില്ലാ-സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നെങ്കിലും അസാധാരണ വേഗത്തിലുള്ള നടപടിയിലൂടെ പാര്‍ട്ടി മുഖം രക്ഷിക്കുന്നതിനൊപ്പം അന്വേഷണത്തെ തന്നെ നേരിടാനാണു തുടക്കം കുറിച്ചിട്ടുള്ളത്.
സിപിഎമ്മിനെ ഇതിനേക്കാള്‍ പതിന്‍മടങ്ങ് പ്രതിരോധത്തിലാക്കിയ ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ പോലും കൊലപാതകം നടന്ന് ഒരു മാസത്തിനകം നടപടിയെടുത്തിരുന്നില്ല. മാത്രമല്ല, ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തന്‍ കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ വരെ പങ്കെടുത്തിരുന്നു.
പ്രതികളെ കോടതി ശിക്ഷിക്കും വരെ കാത്തിരുന്ന സിപിഎം ശുഹൈബ് വധം പാര്‍ട്ടിക്കു കനത്ത തിരിച്ചടിയാണെന്നു വിലയിരുത്തിയാണ് അതിവേഗ നടപടിയെടുത്തത്. ശിക്ഷിക്കപ്പെട്ട ശേഷം കൊടി സുനി ഉള്‍പ്പെടെയുള്ളവരെ തള്ളിപ്പറഞ്ഞെങ്കിലും ഗൂഢാലോചനയില്‍ പങ്കാളിയെന്നു കണ്ടെത്തിയ കുഞ്ഞനന്തനെ സംരക്ഷിക്കുകയായിരുന്നു. എന്നാല്‍, സിപിഎം സഹയാത്രികരായ കാന്തപുരം വിഭാഗം പ്രവര്‍ത്തകന്‍ കൂടിയായ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം തുടങ്ങുന്നതിനു മുമ്പു തന്നെ പാര്‍ട്ടി ബന്ധമുള്ളവരെ മാറ്റിനിര്‍ത്തുന്നതിലൂടെ അന്വേഷണത്തെയും പൊതുജനങ്ങളെയും പലതും ബോധ്യപ്പെടുത്താനാവുമെന്നാണു പാര്‍ട്ടി വിലയിരുത്തല്‍. കൊലയാളി സംഘത്തില്‍ നേരിട്ടു പങ്കുള്ള പാര്‍ട്ടി അംഗങ്ങളെയാണു പുറത്താക്കിയത്.
ഇതില്‍ തന്നെ ഒരാള്‍ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ നടപടിയെടുത്തിട്ടില്ല. കേസില്‍ ആകെ 11 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. തില്ലങ്കേരി വഞ്ഞേരിയിലെ എം വി ആകാശ് (24), കരുവള്ളിയിലെ രജിന്‍രാജ് (26), മുടക്കോഴി കുരുവോട്ട് വീട്ടില്‍ ജിതിന്‍ (23), മുഴക്കുന്ന്പാലിലെ സി എസ് ദീപ്ചന്ദ് (25), ടി കെ അസ്‌കര്‍ (26), തില്ലങ്കേരി ആലയാട് പുതിയപുരയില്‍ കെ പി അന്‍വര്‍ സാദത്ത് (23), മുട്ടില്‍ ഹൗസില്‍ കെ അഖില്‍ (23), തെരൂര്‍ പാലയോട് കെ രജത് (22), കെ സഞ്ജയ് (24), കുമ്മാനത്തെ കെ വി സംഗീത് (27), തെരൂര്‍ പാലയോട് കെ ബൈജു (36). ഇവരെല്ലാം സിപിഎം, സിഐടിയു പ്രവര്‍ത്തകരാണ്.
അതേസമയം, ശുഹൈബ് വധക്കേസിലെ പ്രതികളെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ സിപിഎം നടപടി ആത്മാര്‍ഥതയില്ലാത്തതാണെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ പറഞ്ഞു. പുറത്താക്കിയാലും പാര്‍ട്ടി ഇവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കും. പ്രതികള്‍ ഇനിയും പാര്‍ട്ടി സംരക്ഷണത്തില്‍ തന്നെയാവും. കോണ്‍ഗ്രസ് സമരത്തിന്റെ സമ്മര്‍ദത്തിലാണ് സിപിഎമ്മിന് നടപടിയെടുക്കേണ്ടി വന്നത്. പാര്‍ട്ടിക്കുള്ളിലെ കടുത്ത വിമര്‍ശനം മൂലമാണ് നടപടിയെടുത്തതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം കേസ് ഫയലുകള്‍ സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രമിനും പരാതി നല്‍കി.
Next Story

RELATED STORIES

Share it