malappuram local

സിപിഎം പ്രകടനത്തിനിടെ ബിജെപിയുടെ കൊടിമരം നശിപ്പിച്ചു



കാളികാവ്: സീതാറാം യെച്ചൂരിയെ ഡല്‍ഹിയില്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനത്തിനിടെ കാളികാവ് ജങ്ഷനിലെ ബിജെപിയുടെ കൊടിമരം നശിപ്പിച്ചു. ഇതിനെ തുടര്‍ന്ന് രാത്രി ഏറെ വൈകിയും കാളികാവില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വണ്ടൂര്‍ സിഐ ജോണ്‍സന്റെ നേതൃത്വത്തില്‍ കാളികാവില്‍ വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. ജങ്ഷനില്‍  സിപിഎം ഉള്‍പ്പടെയുള്ള പാര്‍ട്ടിക്കാര്‍ സ്ഥാപിച്ച കൊടിമരത്തിന് സമീപം തന്നെയായിരുന്നു ബിജെപിയുടെയും കൊടിമരം സ്ഥാപിച്ചിരുന്നത്. സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ പ്രകടനത്തിന്റെ മധ്യഭാഗത്ത് നിന്നിരുന്ന ഏതാനും പ്രവര്‍ത്തകര്‍ കൊടിമരം ഇളക്കി പറിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കാളികാവില്‍ സിപിഎം പ്രകടനം നടത്തിയത്. സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. രാത്രി സിഐയുടെ നേതൃത്വത്തില്‍ കാളികാവ് പോലിസ് സ്‌റ്റേഷനില്‍ വച്ച് ഇരുപാര്‍ട്ടിക്കാരും ചര്‍ച്ച നടത്തിയിരുന്നു. കൊടിമരം സ്ഥാപിക്കണമെന്ന ബിജെപി ആവശ്യം സിപിഎം അംഗീകരിച്ചില്ല. സിപിഎമ്മിന്റെ അഖിലേന്ത്യാ നേതാവിനെ അക്രമിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷം പുകയുകയാണ്. കൊടിമരം നശിപ്പിച്ചതിനെതിരേ ബിജെപി ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലം ബിജെപി വണ്ടൂര്‍ മണ്ഡലം നേതാക്കള്‍ ഉല്‍പ്പടെയുള്ളവര്‍ സന്ദര്‍ശിച്ചു. കാളികാവ് പോലിസ് സ്‌റ്റേഷനില്‍ ബിജെപി നേതാക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് കൊടി മരം പുനസ്ഥാപിക്കുമെന്നു ബിജെപി നേതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it