kasaragod local

സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ ജീവന് ഭീഷണിയുണ്ടെന്ന് റിട്ട. എസ്‌ഐ

കാഞ്ഞങ്ങാട്: സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് റിട്ട. എസ്‌ഐ മടിക്കൈ ശാസ്താംകാവിലെ സി ബാലകൃഷ്ണന്‍. വധഭീഷണി നേരിടുന്ന ബാലകൃഷ്ണന്‍ ഇപ്പോള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം പോലിസ് കാവലിലാണ് ജീവിക്കുന്നത്.
33വര്‍ഷം പോലിസില്‍ സേവനം ചെയ്തു സബ് ഇന്‍സ്‌പെക്ടറായി വിരമിച്ചയാളാണ് ബാലകൃഷണന്‍. നാട്ടില്‍ എസ്എന്‍ഡിപി യൂനിയന്‍ രൂപീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയതിനാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മടിക്കൈയില്‍ ബാലകൃഷ്ണന് പാര്‍ട്ടി ഊരുവിലക്ക് കല്‍പിച്ചത്. പാര്‍ട്ടിക്കാരുടെ എതിര്‍പ്പും ഊരുവിലക്കും നിമിത്തം പണി എടുക്കാന്‍ തൊഴിലാളികളെ കിട്ടാത്തത് മൂലം 45 സെന്റ് സ്ഥലത്തെ നെല്‍കൃഷി പോലും ഉപേക്ഷിച്ചിരിക്കുകയാണ്. പാര്‍ട്ടി അനുഭാവിയായിരുന്ന ബാലകൃഷണന്‍ എസ്എന്‍ഡിപി പോലുള്ള സംഘടന വളര്‍ത്തിയാല്‍ പാര്‍ട്ടിക്കതു ദോഷമായി ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം നിര്‍ത്താന്‍ നേതാക്കള്‍ ബാലകൃഷ്ണനോട് നേരത്തെ അവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതു വകവെയ്ക്കാതെ മുന്നോട്ടുപോയ തന്നെയും കുടുംബത്തെയും സിപിഎം പ്രവര്‍ത്തകര്‍ അന്നു വീട്ടില്‍ കയറി ആക്രമിച്ചതായി ബാലകൃഷ്ണന്‍ പറഞ്ഞു.
2010 ഏപ്രില്‍ 27നാണ് ബാലകൃഷ്ണനും കുടുംബവും ആദ്യമായി പാര്‍ട്ടിക്കാരുടെ ക്രൂരമായ ആക്രമണത്തിനിരയായത്. വൈകുന്നേരം നാലരയോടെ അന്നത്തെ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ കയറുകയും ഭാര്യയെയും തന്റെ മൂന്നുമക്കളെയും മൃഗീയമായി മര്‍ദിക്കുകയായിരുന്നുവെന്ന് ബാലകൃഷണന്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റിട്ടും നിസാരവകുപ്പുകള്‍ ചുമത്തിയാണ് പോലിസിനെ കൊണ്ട് പാര്‍ട്ടിനേതാക്കള്‍ കേസ് രജിസ്റ്റര്‍ ചെയ്യിപ്പിച്ചത്.
ഈ സംഭവുമായി ബന്ധപ്പെട്ടു പോലിസ് തയാറാക്കിയ എഫ്‌ഐആറില്‍പോലും മാറ്റംവരുത്തി യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരെ കൂട്ടുനിന്ന അന്നത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഇപ്പോഴും നിയമപോരാട്ടം നടത്തിവരികയാണ്.
ബാലകൃഷ്ണന് പാര്‍ട്ടിയുടെ വധഭീഷണിയുണ്ടെന്ന കണ്ടെത്തലില്‍ 2013ല്‍ അന്നത്തെ ഡിജിപി ബാലകൃഷ്ണനു പോലിസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിരുന്നു.തന്റെ ജീവന് ഭീഷണി ഉണ്ടെന്നു കാണിച്ചു ബാലകൃഷ്ണന്‍ സംസ്ഥാന പോലിസിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഉത്തരവ്. നിവേദനം സംബന്ധിച്ച് ജില്ലാ പോലിസ് മേധാവി നല്‍കിയ അന്വേഷണത്തില്‍ ബാലകൃഷ്ണനു വധഭീഷണി ഉണ്ടെന്നു കണ്ടെത്തിയിരുന്നു. എന്നാല്‍ ആറുവര്‍ഷം കഴിഞ്ഞിട്ടും ബാലകൃഷ്ണനു പോലിസ് സംരക്ഷണം ലഭിക്കാതെ വന്നപ്പോള്‍ അന്നത്തെ ഉത്തരവുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പഴയ എസ്‌ഐക്ക് ജീവനില്‍ നിന്നും രക്ഷനേടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കാസര്‍കോട് എആര്‍ ക്യാമ്പിലെ ഒരു പോലിസുകാരന്‍ ബാലകൃഷ്ണന്റെ സുരക്ഷയ്ക്കായി കഴിഞ്ഞ ദിവസം മുതല്‍ നിയോഗിച്ചിട്ടുണ്ട്. ഒരു റിട്ട. പോലിസ് ഉദ്യോഗസ്ഥനായ തനിക്ക് പോലിസില്‍ നിന്നും നീതി ലഭിച്ചില്ലെന്നാണ് ബാലകൃഷ്ണന്റെ പരാതി. പാര്‍ട്ടി ഗ്രാമത്തില്‍ തന്നെയും കുടുംബത്തേയും ഒറ്റപ്പെടുത്തി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തനിക്കെതിരെയുള്ള നീതിനിഷേധത്തിന് ഏതറ്റംവരെ പോരാടാന്‍ താന്‍ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it